ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ എൽവിഎം 3 വൺ വെബ്ബ് ദൗത്യം വിജയം. ഞായറാഴ്ച രാവിലെ ഒമ്പതിന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപിച്ചത്. ഉപഗ്രഹ ഇന്‍റർനെറ്റ് സർവീസ് ദാതാവായ വൺവെബ്ബുമായി ഐഎസ്ആർഒ കൈകോർക്കുന്ന രണ്ടാം ദൗത്യമാണിത്. വൺ വെബ്ബിന്‍റെ 36 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കുകയാണ് ലക്ഷ്യം.

വിക്ഷേപണം കഴിഞ്ഞ് പത്തൊന്പതാം മിനിറ്റിൽ ആദ്യ ഉപഗ്രഹം വേർപ്പെട്ടു. ക്രയോജനിക് ഘട്ടത്തിലെ ഇന്ധനം പുറത്തേക്കൊഴുക്കി ദിശാമാറ്റം നടത്തിയാണ് മറ്റ് ഉപഗ്രഹങ്ങളെ നിശ്ചിത സ്ഥാനത്ത് എത്തിച്ചത്. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡും (എൻഎസ്ഐഎൽ) വൺ വെബ് ഗ്രൂപ്പ് കമ്പനിയും സഹകരിച്ചുള്ള വിക്ഷേപണമാണമായിരുന്നു ഇത്.

ജിഎസ്എൽവി എന്നറിയപ്പെട്ടിരുന്ന വിക്ഷേപണ വാഹനത്തിന്‍റെ പരിഷ്കരിച്ച രൂപമായ എൽവിഎം 3 ഉപയോഗിച്ച് 5805 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളാണു 455 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ചത്. ഉപഗ്രഹങ്ങളിൽ നിന്നു നേരിട്ട് ഇന്‍റർനെറ്റ് ലഭ്യമാക്കുന്ന വമ്പൻ പദ്ധതിയാണു വൺ വെബ് ലക്ഷ്യമിടുന്നത്.