പാർട്ടിയെ വെട്ടിലാക്കുന്ന വാമൊഴികൾ
വി.ശ്രീകാന്ത്
Wednesday, March 29, 2023 2:32 PM IST
ശോഭ സുരേന്ദ്രനും കെ. സുരേന്ദ്രനും തമ്മിൽ എന്താണ് പ്രശ്നം... സുരേന്ദ്രൻ അടുത്തിടെ സ്ത്രീകളെ നിരന്തരമായി വാക്കുകൾ കൊണ്ട് ആക്രമിക്കുന്നതെന്തിന്... ഈ ചോദ്യങ്ങൾ സാധാരണക്കാർക്കിടയിൽ കിടന്ന് കറങ്ങുകയാണ്.
ബിജെപിയിലെ ഉള്ളുകളികൾ പുറത്ത് നിൽക്കുന്നവർക്ക് അറിയണമെന്നില്ലല്ലോ... എങ്കിലും കേരളത്തിൽ ബിജെപി എന്തുകൊണ്ട് ക്ലച്ച് പിടിക്കുന്നില്ലായെന്നുള്ളതിനുള്ള ഉത്തരം ഈ ചോദ്യങ്ങൾക്കുള്ളിൽ തന്നെയിരുന്ന് ഉത്തരം പറയുന്നുണ്ട്.
ബിജെപിയുടെ സംസ്ഥാന പ്രസിഡന്റെന്ന നിലയിൽ കെ. സുരേന്ദ്രൻ ഇത്തിരി കൂടി പക്വത പാലിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സാധാരണക്കാർക്ക് തോന്നിയാൽ തെറ്റ് പറയാൻ പറ്റില്ല. ഓരോ തെരഞ്ഞെടുപ്പ് കഴിയുന്പോഴും പാർട്ടിയുടെ വോട്ട് ഷെയർ കൂടുന്നുണ്ടെന്നുള്ളത് നേരുതന്നെ.
പക്ഷേ സിപിഎം വനിതാ നേതാക്കളെ പൂതനെയന്നും ചിന്താ ജെറോമിനെ ചൂല് മൂത്രത്തില് മുക്കി അടിക്കണമെന്നുമെല്ലാമുള്ള സംസ്ഥാന പ്രസിഡന്റിന്റെ പ്രയോഗങ്ങൾ ജനങ്ങൾക്കിടയിൽ ബിജെപിയെ കുറിച്ച് അവമതിപ്പ് ഉണ്ടാക്കാൻ മാത്രമേ സഹായിക്കൂ.
ശോഭയെ ഒതുക്കാനോ
ആഭ്യന്തര പ്രശ്നം എന്തു തന്നെയായാലും ശോഭാ സുരേന്ദ്രനോട് എന്തെന്നില്ലാത്ത ദേഷ്യം സുരേന്ദ്രനുണ്ട്. അത് തുറന്ന് പ്രകടിപ്പിക്കുക വഴി ശോഭയെ അടക്കി നിർത്തുക എന്ന ലക്ഷ്യത്തിലേക്കാണ് സുരേന്ദ്രൻ നീങ്ങുന്നത്.
ശോഭയുടെ വാക്ചാതുരിയും പൊതുമണ്ഡലത്തിൽ നിറഞ്ഞ് നിൽക്കാനുള്ള കഴിവുമെല്ലാം ജനം എത്രയോ വട്ടം കണ്ടറിഞ്ഞതാണ്. പക്ഷേ, സംസ്ഥാന പ്രസിഡന്റിന് അതൊന്നും ബോധിക്കാത്ത മട്ടാണ്. അതുകൊണ്ടാണല്ലോ പണ്ട് കാലത്ത് വിരലിലെണ്ണാവുന്ന സ്ത്രീകൾ മാത്രമായിരുന്നു ബിജെപി നേതൃത്വത്തിന് ഉണ്ടായിരുന്നതെന്നും ഇന്ന് നൂറുകണക്കിന് സ്ത്രീകളാണ് കേരളത്തിലെ ഓരോ ബൂത്തുകളിലും ബിജെപിക്കായി പ്രവർത്തിക്കുന്നതെന്നും കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീശക്തിയുള്ള പാർട്ടി ബിജെപിയെന്നുമെല്ലാം കക്ഷി വച്ച് താങ്ങുന്നത്. അത് ശോഭാ സുരേന്ദ്രനും കൂടിയുള്ള വേദി കൂടിയാകുന്പോൾ സംഗതി കൃത്യമായി കൊള്ളുമല്ലോ.
ഇനിയെങ്കിലും നാവൊതുക്കണം
ഒരു പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായിരിക്കുന്പോൾ പ്രയോഗിക്കുന്ന വാക്കുകൾക്ക് തരംതാഴ്ന്ന സ്വഭാവം കൈവരിക്കാൻ പാടില്ലല്ലോ. പക്ഷേ സുരേന്ദ്രൻ അതൊക്കെ മറന്ന മട്ടാണ്. പ്രത്ര്യേകിച്ച് സ്ത്രീകൾക്കെതിരേ പറയുന്പോൾ സിപിഎമ്മിലെ സ്ത്രീ നേതാക്കളാണ് കക്ഷിയുടെ പ്രധാന ഇരകൾ.
ഏറ്റവും ഒടുവിൽ സിപിഎം വനിതാ നേതാക്കളെ പൂതനെയന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ എയറിൽ നിൽക്കുകയാണ് കക്ഷി. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമെല്ലാം സുരേന്ദ്രന്റെ ഈ പ്രയോഗത്തിനെതിരേ ആഞ്ഞടിച്ച് കഴിഞ്ഞു.
ഇത്തിരി വൈകിയാണെങ്കിലും സിപിഎമ്മും രംഗത്തെത്തി. മന്ത്രിമാരായ മുഹമ്മദ് റിയാസും വീണ ജോർജും സുരേന്ദ്രനെതിരേ രംഗത്തെത്തിയിരുന്നു. ജനാധിപത്യമഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്. സുജാതയുടെ പരാതിയിൽ ഇിതോനടകം കന്റോൺമെന്റ് പോലീസ് സുരേന്ദ്രനെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാപ്പ് പറയാനും തെറ്റ് തിരുത്താനും സുരേന്ദ്രൻ തയാറാകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.
പക്വമായ മറുപടി
സുരേഷ് ഗോപി വരുന്പോൾ മാത്രം അനക്കം വയ്ക്കുന്ന പാർട്ടിയായി ബിജെപി കേരളത്തിൽ ഇതിനോടകം മാറിയിട്ടുണ്ട്. അല്ലാത്തപ്പോൾ ഇത്തരത്തിലുള്ള പ്രയോഗങ്ങൾ കൊണ്ട് വിവാദ കോളങ്ങളിലാണ് നിറയുകയാണ് പതിവ്.
സുരേന്ദ്രന്റെ കുത്തിന് പക്വമായ മറുപടി കൊണ്ടാണ് ശോഭ സുരേന്ദ്രൻ നേരിട്ടത്. ഒരുപാട് ആളുകളുടെ ത്യാഗം കൊണ്ട് ഉണ്ടാക്കിയ പാർട്ടിയാണ് ബിജെപി. ഒരുപാട് സമരങ്ങളിൽ പങ്കെടുത്തയാളാണ് താൻ. ഒരൽപം വേദന സഹിച്ചിട്ടാണെങ്കിലും പാർട്ടി പ്രവർത്തകയായി മുന്നോട്ട് പോകുമെന്നും കസേര കിട്ടിയാലും ഇല്ലെങ്കിലും പ്രവർത്തിക്കുമെന്നും ശോഭ തുറന്നടിച്ചു.
അകത്തുള്ള അടി കഴിഞ്ഞിട്ട് വേണമല്ലോ പുറത്തിറങ്ങി നന്നായി പ്രവർത്തിക്കാൻ. ആ അടി തീരാത്ത പക്ഷം ഇന്ത്യ ഭരിക്കുന്നത് ബിജെപിയാണെന്ന് പറഞ്ഞ് ആശ്വസിക്കാൻ മാത്രമേ കേരളത്തിലെ ബിജെപി നേതാക്കൾക്ക് കഴിയൂയെന്നാണ് ജനപക്ഷം.