അരിക്കൊമ്പൻ ഈസ്റ്റർ വരെ സ്വതന്ത്രൻ; പറമ്പിക്കുളത്തേക്ക് മാറ്റിയേക്കും
Wednesday, April 5, 2023 8:35 PM IST
തൊടുപുഴ: ഇടുക്കി ചിന്നക്കനാൽ മേഖലയിൽ വിഹരിക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നത് ഈസ്റ്റർ വരെ നീട്ടിവയ്ക്കാൻ ധാരണ. ആനയെ പിടികൂടി പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
പൊതു അവധി ദിനങ്ങളിൽ അരിക്കൊമ്പൻ ദൗത്യം നടത്തേണ്ടെന്നാണ് തീരുമാനം. ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം വിധിപകർപ്പ് ലഭിച്ച ശേഷമാകും ഉണ്ടാവുക.
അരിക്കൊമ്പനെ അണിയിക്കാനുള്ള ആധുനിക റേഡിയോ കോളർ നിലവിൽ വനംവകുപ്പിന്റെ കൈവശമില്ല. ഈ ഉപകരണം ആസാമിൽ നിന്ന് എത്തിച്ച ശേഷമായിരിക്കും ദൗത്യം ആരംഭിക്കുക.
ചൊവ്വാഴ്ച ദൗത്യം നടത്തണമെന്നാണ് വനംവകുപ്പ് ആഗ്രഹിക്കുന്നത്. പറമ്പിക്കുളത്തേക്ക് ആനയെ മാറ്റാനായി ഏകദേശം ആറ് മണിക്കൂർ സമയം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടുന്നത്. തടസങ്ങളില്ലാതെ ആനയെ മാറ്റുന്നതിനായി മേഖലയിൽ 144 പ്രഖ്യാപിച്ചേക്കും.
ആനയെ പിടികൂടുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ആഘോഷങ്ങൾ നടത്തേണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റീസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റീസ് പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ചാണ് അരിക്കൊമ്പൻ വിഷയം പരിഗണിച്ചത്.