രാഹുൽ ഗാന്ധി ചൊവ്വാഴ്ച വയനാട്ടിൽ; ഗംഭീര സ്വീകരണമൊരുക്കാൻ കെപിസിസി
Monday, April 10, 2023 5:58 PM IST
വയനാട്: എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതിന് ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധിക്ക് ഗംഭീര സ്വീകരണമൊരുക്കാൻ കെപിസിസി. ചൊവ്വാഴ്ചയാണ് രാഹുൽ വയനാട്ടിൽ എത്തുന്നത്.
രാഹുലിന് പിന്തുണയറിയിച്ച് വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരെ അണിനിരത്തി വൻ റാലിയാണ് കെപിസിസി സംഘടിപ്പിക്കാൻ തീരുമാനിച്ചത്. സഹോദരി പ്രിയങ്ക ഗാന്ധിയും ചൊവ്വാഴ്ച രാഹുലിനൊപ്പം എത്തുന്നുണ്ട്.
ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെ ഡല്‍ഹിയില്‍ നിന്നും വിമാനത്തില്‍ കണ്ണൂരിലെത്തുന്ന രാഹുല്‍ തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടിലേക്ക് തിരിക്കും. ഉച്ചകഴിഞ്ഞ മൂന്നോടെ കല്‍പ്പറ്റ എസ്കെഎംജെ സ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്റര്‍ ഇറങ്ങുന്ന രാഹുല്‍ തുടര്‍ന്ന് റാലിയില്‍ പങ്കെടുക്കും.
തുടർന്ന് കല്‍പ്പറ്റ കൈനാട്ടിയില്‍ പൊതുസമ്മേളനം നടക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെപിസിസി അധ്യക്ഷൻ കെ. സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തുടങ്ങി സംസ്ഥാന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെല്ലാം പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.
പൊതു സമ്മേളനശേഷം ഹെലികോപ്റ്റര്‍ മാര്‍ഗം കണ്ണൂരിലേക്ക് മടങ്ങിയെത്തുന്ന രാഹുൽ വിമാനത്തില്‍ ഡല്‍ഹിക്ക് മടങ്ങും.