വീണാ ജോർജിനെതിരെ പോസ്റ്റർ പ്രതിഷേധവുമായി ഒസിവൈഎം
Monday, April 10, 2023 6:57 PM IST
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ വീണ്ടും പോസ്റ്റർ പ്രതിഷേധവുമായി ഓർത്തഡോക്സ് യുവജനസംഘം(ഒസിവൈഎം). അടൂർ നഗരത്തിലാണ് വീണാ ജോർജിനെതിരെ ഒസിവൈഎം പ്രവർത്തകർ പരസ്യമായി പോസ്റ്റർ പതിച്ചത്.
ചർച്ച് ബിൽ വിഷയത്തിൽ മന്ത്രിക്കെതിരെ നേരത്തെയും യുവജനസംഘം പോസ്റ്റർ പതിച്ചിരുന്നു. ഈ സംഭവത്തിൽ ഒരു യുവാവിനെതിരെ കലാപാഹ്വാനത്തിനും പൊതുജനമധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നുമുള്ള വകുപ്പുകൾ ചുമത്തി കഴിഞ്ഞ ദിവസം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് വീണ്ടും പോസ്റ്റർ പ്രതിഷേധവുമായി യുവാക്കൾ രംഗത്തെത്തിയത്. മന്ത്രിക്കെതിരെ സംസാരിച്ചാൽ ഭീഷണിപ്പെടുത്തുന്ന നടപടി ശരിയല്ലെന്ന് ഒസിവൈഎം നേതാക്കൾ പ്രതികരിച്ചു.
‘ചര്‍ച്ച് ബില്‍; പിണറായി വിജയന് നീതി നടപ്പാക്കണം’, ‘നമ്മുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ വീണ ജോര്‍ജ് മൗനം വെടിയണം’ എന്നിങ്ങനെയാണ് നേരത്തെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ എഴുതിയിരുന്നത്.