വൈദ്യുതി സർചാർജ്: പൊതു തെളിവെടുപ്പ് പൂർത്തിയായി
Thursday, April 13, 2023 4:51 AM IST
തിരുവനന്തപുരം: വൈദ്യുതി ബോർഡ് വൈദ്യുതി വാങ്ങുന്നതിനുണ്ടായ അധിക ബാധ്യത ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നതു സംബന്ധിച്ച അപേക്ഷയിൽ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ബുധനാഴ്ച തെളിവെടുപ്പ് പൂർത്തിയാക്കി. വൈദ്യുതി ബോർഡ് ആവശ്യപ്പെട്ട രണ്ട് വൈദ്യുതി സർ ചാർജുകളും ഒരുമിച്ച് ഈടാക്കാൻ അനുവദിക്കരുതെന്ന് തെളിവെടുപ്പിൽ ഉപയോക്താക്കൾ ആവശ്യപ്പെട്ടു.
രണ്ടു തവണയായി വൈദ്യുതി വാങ്ങാൻ അധികമായി ചെലവായ തുക സർചാർജ് ഇനത്തിൽ ഈടാക്കാൻ അനുമതി തേടിയാണ് വൈദ്യുതി ബോർഡ് റഗുലേറ്ററി കമ്മീഷനെ സമീപിച്ചത്. കഴിഞ്ഞവർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെ വൈദ്യുതി വാങ്ങാൻ കമ്മിഷൻ അനുവദിച്ചതിനേക്കാൾ 189.38 കോടി രൂപ കൂടുതൽ ചെലവായതു സംബന്ധിച്ചാണ് ആദ്യത്തെ അപേക്ഷ.
മൂന്നുമാസം യൂണിറ്റിന് 30 പൈസ അധികമായി ഈടാക്കി ചെലവായ തുക തിരിച്ചു പിടിക്കാൻ അനുവദിക്കണമെന്നാണ് ഒരു അപേക്ഷ. ഒക്ടോബർ മുതൽ ഡിസംബർവരെ 95.03 കോടി രൂപ അധിക ചെലവുണ്ടായി. മൂന്നുമാസം 14 പൈസ വീതം അധികമായി ഈടാക്കാൻ അനുവദിക്കണമെന്നാണ് രണ്ടാമത്തെ അപേക്ഷ.
യൂണിറ്റിന് ഒന്പതു പൈസ നിരക്കിൽ ഫെബ്രുവരിയിൽ ആരംഭിച്ച സർചാർജ് പിരിവ് മേയ് 31 വരെ തുടരും. അതിനാൽ രണ്ട് സർചാർജുകൾ ഈടാക്കുന്ന വിഷയത്തിൽ ബുധനാഴ്ച തെളിവെടുപ്പ് പൂർത്തിയാക്കിയെങ്കിലും നിലവിലെ സർചാർജ് ഈടാക്കൽ അവസാനിച്ചശേഷമാകും പുതിയ സർചാർജ് വരിക.