റിക്കാർഡ് റബാഡ! വേഗത്തിൽ 100 ഐപിഎൽ വിക്കറ്റ്
Friday, April 14, 2023 6:56 AM IST
മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റുകൾ സ്വന്തമാക്കുന്ന ബൗളർ എന്ന റിക്കാർഡ് സ്വന്തമാക്കി ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാഡ. ഗുജറാത്ത് ടൈറ്റൻസിനെതിരായ പോരാട്ടത്തിലാണ് പഞ്ചാബ് കിംഗ്സിന്റെ സ്റ്റാർ പേസർ ഈ നേട്ടത്തിലെത്തിയത്.
64 മത്സരങ്ങളിൽ നിന്നാണ് റബാഡ 100 വിക്കറ്റുകൾ പിഴുതത്. 70-ാം മത്സരത്തിൽ വിക്കറ്റ് ശതകം തികച്ച ലസിത് മലിംഗയുടെ റിക്കാർഡാണ് റബാഡ തിരുത്തിയത്. 81-ാം മത്സരത്തിൽ 100 വിക്കറ്റുകൾ കടന്ന ഹർഷൽ പട്ടേൽ ആണ് പട്ടികയിലെ മൂന്നാമൻ. ഇന്ത്യൻ താരങ്ങളിലെ വേഗ 100 വിക്കറ്റ് റിക്കാർഡും പട്ടേലിന്റെ പേരിലാണ്.
ഭുവനേശ്വർ കുമാർ, അമിത് മിശ്ര എന്നിവർ 82 മത്സരങ്ങളിൽ നിന്നും ആശിഷ് നെഹ്റ, റാഷിദ് ഖാൻ എന്നിവർ 83 മത്സരങ്ങളിൽ നിന്നുമാണ് 100 വിക്കറ്റുകൾ പിഴുതത്.
ഏറ്റവും കുറച്ച് പന്തുകൾ(1,438) ഉപയോഗിച്ച് ഈ നേട്ടത്തിലെത്തിയ താരവും റബാഡയാണ്. മലിംഗ, ഡ്വെയ്ൻ ബ്രാവോ, പട്ടേൽ എന്നിവർ എന്നിവർ യഥാക്രമം 1,619, 1,622, 1,647 പന്തുകളിലാണ് ഐപിഎൽ വിക്കറ്റ് നേട്ടം മൂന്നക്കം കടത്തിയത്.