ക്രൈസ്തവരോടുള്ള ബിജെപിയുടെ സ്നേഹം കാപട്യമെന്ന് പ്രതിപക്ഷ നേതാവ്
Tuesday, April 18, 2023 7:39 PM IST
കൊച്ചി: ക്രൈസ്തവരോടുള്ള ബിജെപിയുടെ സ്നേഹം കാപട്യമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഇക്കാര്യം കേരളത്തിലെ ക്രൈസ്തവ നേതൃത്വത്തിനും ക്രിസ്തുമത വിശ്വാസികള്‍ക്കും നന്നായി അറിയാമെന്നും സതീശൻ പറഞ്ഞു.
രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസവും ഇതിനെതിരെ ക്രിസ്ത്യന്‍ സംഘടനകള്‍ ഡല്‍ഹിയിലും ബോംബെയിലും പ്രതിഷേധിച്ചു. ക്രിസ്ത്യാനികള്‍ വീട്ടില്‍ വന്നാല്‍ ഓടിച്ചിട്ട് അടിക്കണമെന്നാണ് കര്‍ണാടകത്തിലെ ബിജെപി മന്ത്രി പറഞ്ഞത്.
രാജ്യത്താകെ ക്രൈസ്തവര്‍ക്ക് നേരെ ബിജെപി - സംഘപരിവാര്‍ സംഘടനകള്‍ ആക്രമണങ്ങള്‍ അഴിച്ച് വിടുമ്പോള്‍ കേരളത്തില്‍ പ്രീണിപ്പിക്കാന്‍ പോകുന്നത് തമാശയാണ്. കബളിപ്പിക്കാനുള്ള ബിജെപി ശ്രമം കേരളത്തിലെ ക്രൈസ്തവര്‍ തിരിച്ചറിയും.
കാലങ്ങളായി ബിജെപി ഏറ്റവുമധികം ആക്രമിച്ച ന്യൂനപക്ഷ വിഭാഗവും ക്രൈസ്തവരാണ്. കേരളത്തിലെ ക്രൈസ്തവര്‍ ബിജെപിയെ സ്വീകരിക്കില്ല. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളുടെ രൂപത്തിലാണ് ബിജെപി നേതാക്കള്‍ അരമനകള്‍ സന്ദര്‍ശിക്കുന്നതെന്ന് അവര്‍ക്ക് നന്നായി അറിയാം.
മധ്യതിരുവിതാംകൂറില്‍ പലയിടത്തും സംഘപരിവാര്‍ പെന്തകോസ്ത് ദേവാലയങ്ങള്‍ വ്യാപകമായി ആക്രമിച്ചിട്ടുണ്ട്. വടക്കേ ഇന്ത്യയിലെ പോലെ ആക്രമിക്കാന്‍ സാധിക്കില്ലെന്നതിനാലാണ് കേരളത്തില്‍ വോട്ട് ലക്ഷ്യമിട്ട് പ്രീണനതന്ത്രം സ്വീകരിക്കുന്നത്.
ഇപ്പോള്‍ മല കയറാനും ഡിന്നര്‍ നല്‍കാനും നടക്കുന്ന കേരളത്തിലെ ബിജെപി നേതാക്കള്‍ മുന്‍കാലങ്ങളില്‍ ക്രൈസ്തവ വിരുദ്ധ ലേഖനങ്ങളും പ്രസ്താവനകളും ഇറക്കിയിട്ടുണ്ട്. കേരളത്തിലെ ക്രൈസ്തവ സഭ ബിജെപിയെ പിന്തുണയ്ക്കാനുള്ള ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.