എഐ സംവിധാനം: ജനങ്ങളെ ഉപദ്രവിക്കാനല്ല, അപകടം കുറയ്ക്കാനെന്ന് ഗതാഗതമന്ത്രി
Thursday, April 20, 2023 5:57 PM IST
തിരുവനന്തപുരം: എഐ സംവിധാനത്തിലൂടെ പരിശോധനയുള്ള ഏക സംസ്ഥാനമായി കേരളം മാറിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പുതിയ സംവിധാനം ജനങ്ങളെ ഉപദ്രവിക്കാനല്ല, അപകടം കുറക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മാധ്യമങ്ങൾ ഉയർത്തിയ നിർദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഒരു മാസം പിഴ ഒഴിവാക്കിയത്. ജനങ്ങൾക്ക് ബോധവൽക്കരണം നടത്തുകയാണ് ലക്ഷ്യം. ഭീമമായ പിഴ ആണെന്ന ആരോപണം ശരിയല്ല.
കേന്ദ്ര സർക്കാരിന്റെ പിഴ നിർദേശം സംസ്ഥാനം കുറച്ചു. ഇപ്പോൾ നടക്കുന്ന ആരോപണം രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയാണ്. ടൂവീലറുകളിൽ അച്ഛനും അമ്മയും കുഞ്ഞും കൂടെ പോകുന്നതിനു പിഴ ഈടാക്കാൻ തീരുമാനിച്ചത് കേന്ദ്രമാണ്, അത് ഒഴിവാക്കാൻ കേരളത്തിനു കഴിയില്ല. കേന്ദ്ര നിയമം അനുസരിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നും മന്ത്രി വിശദീകരിച്ചു.
എഐ കാമറയിലൂടെ അപകടം കുറക്കാൻ കഴിഞ്ഞാൽ അതാണ് വലുതാണെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.