സിബിഐ മാലിക്കിനെയും തേടിയെത്തി; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്
Friday, April 21, 2023 11:39 PM IST
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയ ജമ്മുകാഷ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന് സിബിഐ നോട്ടീസ്. ഈ മാസം 28 ന് ഡല്‍ഹി സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം.
കാഷ്മീരിൽ റിലയൻസിന്റെ ഇൻഷുറൻസ് പദ്ധതി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് റാം മാധവ് തന്നെ സന്ദർശിച്ചെന്ന വെളിപ്പെടുത്തലിലാണ് നടപടി.
കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതിനാൽ സിബിഐ തന്നോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സത്യപാൽ മാലിക്ക് സ്ഥിരീകരിച്ചു. സൗകര്യമനുസരിച്ച് ഈ മാസം 27-നോ 28-നോ വരാൻ അവർ തന്നോട് വാക്കാൽ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ജമ്മുകാഷ്മീർ ഗവർണറായിരിക്കെ ഫയലുകൾ ക്ലിയർ ചെയ്യുന്നതിനായി 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തതായി സത്യപാൽ മാലിക്ക് അവകാശപ്പെട്ടിരുന്നു. പദ്ധതി പാസാക്കാൻ ആർഎസ്എസും ബിജെപി നേതാവ് രാം മാധവും തനിക്ക് പണം വാഗ്ദാനം ചെയ്തതായാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
പുല്‍വാമ ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാരിന്റെ വീഴ്ചകളും സത്യപാല്‍ മാലിക്ക് ചൂണ്ടിക്കാട്ടിയിരുന്നു. ജവാന്മാരെ കൊണ്ടു പോകാൻ വിമാനം നൽകാത്തതും, സ്ഫോടകവസ്തു നിറച്ച കാർ രഹസ്യാന്വേഷണ ഏജൻസി കണ്ടെത്താത്തതും വീഴ്ചയാണെന്നായിരുന്നു മാലിക് പറഞ്ഞത്. തന്നോട് ഇക്കാര്യം മിണ്ടരുത് എന്ന നിർദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയെന്നും അദ്ദേഹം വെളിപ്പെടുത്തി.