പോലീസ് തടഞ്ഞുവച്ചുവെന്ന് സത്യപാൽ മാലിക്ക്
Saturday, April 22, 2023 2:37 PM IST
ന്യൂഡൽഹി: ഖാപ്പ് പഞ്ചായത്ത് യോഗത്തിനെത്തിയ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നും തടഞ്ഞുവച്ചതായും ജമ്മു കാഷ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്ക്. ഫലത്തിൽ അറസ്റ്റു തന്നെയായിരുന്നു. ഡൽഹി പോലീസിന്റേത് പ്രതികാര നടപടിയുടെ ഭാഗമായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് വരെ ഇത്തരം നടപടികൾ തുടരുമെന്നും സത്യപാൽ മാലിക്ക് കൂട്ടിച്ചേർത്തു. അനുമതിയിലാതെ ഖാപ്പ് പഞ്ചായത്ത് യോഗം ചേർന്നതിനാണ് ഖാപ്പ് നേതാക്കളെയും കർഷക നേതാക്കളെയും സത്യപാൽ മാലിക്കിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
സത്യപാൽ മല്ലിക്കിന് പിന്തുണ പ്രഖ്യാപിച്ചാണ് ഖാപ്പ് പഞ്ചായത്ത് യോഗം ചേർന്നത്. 400 ഓളം ഖാപ്പ് നേതാക്കൾക്ക് ഒപ്പം വിവിധ കർഷക സംഘടനയിലെ നേതാക്കളും പങ്കെടുന്ന പരിപാടിക്കായുള്ള എല്ലാ ഒരുക്കങ്ങളും ആർകെ പുരം സെക്ടർ 12 സെൻട്രൽ പാർക്കിൽ പൂർത്തിയായിരുന്നു.
പന്തൽ അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയ ശേഷം അവസാന നിമിഷത്തിലാണ് സുരക്ഷ കാര്യങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാണിച്ച് അനുമതി നിഷേധിച്ച് ഡൽഹി പോലീസ് രംഗത്ത് വന്നത്.