സെറ്റിൽ മോശം പെരുമാറ്റം; ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗമിനും സിനിമയിൽ വിലക്ക്
Tuesday, April 25, 2023 10:59 PM IST
കൊച്ചി: നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗമിനും സിനിമയിൽ വിലക്ക്. കൊച്ചിയിൽ ചേർന്ന സിനിമ സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.
ഇരുവരുടേയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമാ സംഘടനകൾ അറിയിച്ചു. മയക്കുമരുന്നിനടിമകളായ നടൻമാരുമായി സഹകരിക്കില്ലെന്നും സംഘടനകൾ പറയുന്നു. ഫെഫ്ക, അമ്മ, നിർമാതാക്കളുടെ സംഘടന എന്നിവരാണ് യോഗം ചേർന്നത്.
ശ്രീനാഥും ഷെയ്നും പലപ്പോഴും സിനിമ സെറ്റിൽ ബോധമില്ലാതെയാണ് പെരുമാറുന്നതെന്ന് സംഘടനകൾ ആരോപിച്ചു. കൂടെ ജോലി ചെയ്യുന്നവർക്ക് സഹിക്കാനാവാത്ത അവസ്ഥയാണ് ഇരുവരും സൃഷ്ടിക്കുന്നത്. സിനിമാമേഖലയിൽ ലഹരിമരുന്നുപയോഗിക്കുന്നവരുമായി സഹകരിക്കാനാവില്ലെന്നും സംഘനകൾ അറിയിച്ചു.
താരസംഘടനയായ അമ്മയിൽ അംഗത്വമില്ലാത്ത നടി, നടൻമാരെ ഉൾപ്പെടുത്തി സിനിമ ചെയ്താൽ അവർ ആ സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് നിർമാതാവ് മാത്രമായിരിക്കും ഉത്തരവാദിയെന്നും സംഘടനകൾ യോഗത്തിൽ തീരുമാനമെടുത്തു.
സിനിമ മേഖലയിൽ മയക്കുമരുന്നിന്റെ ഉപയോഗം വർധിച്ചതായി സംഘടനകൾ സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലഹരിമരുന്ന് ഉപയോഗിക്കുന്ന ഒരുപാട് ആളുകളുണ്ട്. സ്ഥിരമായി ലഹരിമരുന്നുപയോഗിക്കുന്നവരുടെ പേര് സർക്കാരിന് നൽകും. സാംസ്കാരിക മന്ത്രിയോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സർക്കാർ നടപടിയെടുക്കട്ടെയെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു.