ഓപ്പറേഷൻ കാവേരി: സുഡാനിൽ നിന്ന് ആദ്യ സംഘം പുറപ്പെട്ടു
Tuesday, April 25, 2023 8:25 PM IST
ഖാർത്തും: അഭ്യന്തര യുദ്ധം മൂലം സംഘർഷഭരിതമായ സുഡാനിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള "ഓപ്പറേഷൻ കാവേരി'യിലെ ആദ്യ മിഷന് തുടക്കം. പോർട്ട് സുഡാനിൽ എത്തിച്ചേർന്ന 278 പ്രവാസികൾ നാവികസേനാ കപ്പലായ ഐഎന്‍എസ് സുമേധയിൽ സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പുറപ്പെട്ടു.
തിങ്കളാഴ്ച പോർട്ട് സുഡാനിൽ എത്തിച്ചേർന്ന 500 അംഗ പ്രവാസി സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇന്ന് പുറപ്പെട്ടത്. സുഡാനിൽ തുടരുന്ന മറ്റ് ഇന്ത്യക്കാരെ രക്ഷപ്പെടുത്താനായി വ്യോമസേനയുടെ സി - 130 ജെ വിമാനം തയാറാണെന്ന് സർക്കാർ അറിയിച്ചു. 3,000-ത്തിലേറെ ഇന്ത്യൻ പൗരന്മാർ സുഡാനിൽ ഉണ്ടെന്നാണ് സർക്കാർ കണക്ക്.
ഓപ്പറേഷൻ കാവേരിയുടെ ഏകോപന ചുമതല നിർവഹിക്കാനായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്ന് രാവിലെ ജിദ്ദയിൽ എത്തിച്ചേർന്നിരുന്നു.