ഗുസ്തി താരങ്ങളുടെ സമരം തുടരുന്നു; പിന്തുണയുമായി ദേശീയ നേതാക്കളെത്തി
Wednesday, April 26, 2023 4:44 AM IST
ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരേ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി ദേശീയ നേതാക്കൾ. തുടർച്ചയായ മൂന്നാം ദിവസവും ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്തിതാരങ്ങളെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാംഗവുമായ എ.എ. റഹീം തുടങ്ങിയ നേതാക്കൾ സന്ദർശിച്ചു.
സമരത്തെ രാഷ്ട്രീയവത്കരിക്കാൻ താത്പര്യമില്ലെന്നു ചൂണ്ടിക്കാട്ടി ജനുവരിയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ രാഷ്ട്രീയ നേതാക്കളെ പങ്കെടുക്കാൻ ഗുസ്തി താരങ്ങൾ അനുവദിച്ചിരുന്നില്ല. എന്നാൽ പ്രായപൂർത്തിയാകാത്ത വനിതാ ഗുസ്തി താരം ഉൾപ്പെടെ ലൈംഗിക ചൂഷണം നേരിട്ടതായി പരാതി നൽകിയിട്ടും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത സാചര്യത്തിലാണ് ഗുസ്തി താരങ്ങൾ വീണ്ടും രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ തേടിയത്.
സിപിഎം നേതാക്കൾക്കുപുറമേ മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, മുൻ കോണ്ഗ്രസ് നേതാവ് കപിൽ സിബൽ എന്നിവരും സമരത്തിന് പിന്തുണയുമായെത്തി. രാഷ്ട്രീയ നേതാക്കൾക്കുപുറമേ ഹരിയാനയിൽനിന്നുള്ള നിരവധി കർഷക നേതാക്കളും ജന്തർ മന്തറിൽ ഗുസ്തിതാരങ്ങളുടെ സമരത്തിൽ പങ്കുചേർന്നു.