ഓപ്പറേഷൻ കാവേരി; ആദ്യ സംഘം ഡൽഹിയിൽ എത്തി
Wednesday, April 26, 2023 10:02 PM IST
ന്യൂഡൽഹി: സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള ഓപ്പറേഷൻ കാവേരി ദൗത്യത്തിലെ ആദ്യ വിമാനം ഡൽഹിയിലെത്തി. സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് 360 പ്രവാസികളെയും വഹിച്ചെത്തിയ വ്യോമസേന വിമാനം രാത്രി 9:30-ഓടെയാണ് ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്.
ഡൽഹിയിലെത്തിയ പ്രവാസി സംഘത്തിൽ ആറ് മലയാളികളും ഉൾപ്പെടുന്നു. ഇവരെ കേരളത്തിലെത്തിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര വിദേസകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു.
സംഘത്തിലെ മലയാളി പ്രവാസികളെ വിമാനത്താവളങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന്റെ ചിലവില്‍ കേരളത്തിലേക്ക് എത്തിക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുവാന്‍ കേരളീയ പ്രവാസികാര്യ വകുപ്പിനെ (നോര്‍ക്ക) ചുമതലപ്പെടുത്തുവാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
സൈന്യവും അർധസൈനിക വിഭാഗങ്ങളും ഏറ്റുമുട്ടുന്ന സുഡാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച രക്ഷാദൗത്യമാണ് "ഓപ്പറേഷൻ കാവേരി'. നാവികസേനയും വ്യോമസേനാ വിമാനങ്ങളും ചേർന്ന് ഇന്ത്യൻ പൗരന്മാരെ പല ബാച്ചുകളായാണ് ഒഴിപ്പിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം സുഡാനിൽ നിന്ന് ഇതുവരെ 530 ഇന്ത്യക്കാരെ ഒഴിപ്പിച്ചു.