മോദി വിഷപ്പാമ്പ്, രുചിച്ചാൽ മരണം ഉറപ്പ്: മല്ലികാർജുൻ ഖാർഗെ
Thursday, April 27, 2023 5:55 PM IST
ഗദഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷപ്പാമ്പാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അത് തീണ്ടിയാൽ നിങ്ങൾ മരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ ഗദഗ് ജില്ലയിലെ ഗജേന്ദ്രഗഡിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി വിഷപ്പാമ്പാണ്. വിഷമാണോ അല്ലയോ എന്ന് പരിശോധിക്കാൻ രുചിച്ചുനോക്കിയാൽ നിങ്ങൾ മരിക്കും.
പ്രധാനമന്ത്രിയുടെ കാവി പ്രത്യയശാസ്ത്രം രാജ്യത്തെ നശിപ്പിക്കുകയാണെന്ന് ഖാർഗെ പറഞ്ഞു. എന്താണ് നിങ്ങളുടെ പ്രത്യയശാസ്ത്രം? എന്താണ് നിങ്ങളുടെ കാഴ്ചപ്പാട്? ഇത് വളരെ മോശമായ ഒന്നാണ്. ഇത് രാജ്യത്തെ നശിപ്പിക്കുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചാൽ രാജ്യം മുഴുവൻ വിജയിക്കും, അത് മാറ്റമുണ്ടാക്കും. കടുത്ത വെയിലിൽ ആളുകൾ കൂടിവരുന്നതു തന്നെ മാറ്റം ഉറപ്പാണെന്നതിന്റെ തെളിവാണെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.