അടിയോടടി; ഒടുവിൽ ലക്നോവിന് ജയം
Friday, April 28, 2023 11:59 PM IST
മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ രണ്ടാമത്തെ വലിയ സ്കോർ പിറന്ന മത്സരത്തിൽ ലക്നോ സൂപ്പർ ജയന്റ്സിന് ജയം. 56 റൺസിന് പഞ്ചാബ് കിംഗ്സിനെ തകർത്ത ലക്നോ, 10 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് കയറി.
മാർക്കസ് സ്റ്റോയിനിസ്(72), കൈൽ മേയെസ്(54), ആയുഷ് ബദോനി(43), നിക്കൊളാസ് പി.(45) എന്നിവരുടെ വെടിക്കെട്ടാണ് ലക്നോവിനെ കിടിലൻ സ്കോറിലെത്തിച്ചത്. അഥർവ തൈഡെ(66) ശക്തമായി തിരിച്ചടിച്ചെങ്കിലും കിംഗ്സിന്റെ വിജയം അകന്നുനിന്നു.
സ്കോർ:
ലക്നോ സൂപ്പർ ജയന്റ്സ് 257/5(20)
പഞ്ചാബ് കിംഗ്സ് 201/10(20)
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ലക്നോവിനായി പതിവ് അലസത വിട്ട് തകർത്തടിക്കാൻ നായകൻ കെ.എൽ.രാഹുൽ(12) ശ്രമിച്ചു. തുടർന്ന് യഥാക്രമം നാല്, മൂന്ന്, അഞ്ച് സിക്സുകളുമായി മെയേസ്, ബദോനി, സ്റ്റോയിനിസ് എന്നിവർ കളംനിറഞ്ഞ് കളിച്ചു.
കഴിഞ്ഞ കളിയിലെ സ്റ്റംപ്സ് ഒടിച്ച പെരുമയുമായി പന്തെറിയാനെത്തിയ അർഷ്ദീപ് സിംഗ് നാലോവറിൽ 54 റൺസ് വിട്ടുനൽകി കിംഗ്സ് നിരയിലെ തല്ലുകൊള്ളി ആയി. തുടരെ എക്സ്ട്രാസ് വിട്ടുകൊടുത്ത് സഹായിച്ച കഗിസോ റബാദ 52 റൺസ് വിട്ടുനൽകി.
മറുപടി ബാറ്റിംഗിൽ 36 പന്തിൽ എട്ട് ഫോറുകളും രണ്ട് സിക്സും അടിച്ച തൈഡെ മാത്രമാണ് കിംഗ്സ് നിരയിൽ പിടിച്ചുനിന്നത്. 36 റൺസ് നേടിയ സിക്കന്ദർ റാസയാണ് ടീമിന്റെ രണ്ടാമത്തെ മികച്ച സ്കോറിനുടമ. ലക്നോവിനായി യാഷ് ഠാക്കൂർ നാലും നവീൻ ഉൾ ഹഖ് മൂന്ന് വിക്കറ്റുകളും നേടി.