അസംഭവ്യം! പ്രതിരോധിച്ച് ജയിച്ച് ആർസിബി
Monday, May 1, 2023 11:53 PM IST
ലക്നോ: ഇന്ത്യൻ പ്രീമിയർ ലീഗിൽ അസംഭവ്യമെന്ന് തോന്നിപ്പിച്ച നേട്ടം കൈയിലൊതുക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. എത്ര വലിയ സ്കോർ നേടിയാലും ബൗളർമാർ റൺസ് വിട്ടുനൽകി പരാജയപ്പെടുത്തുമെന്ന തങ്ങളുടെ ഐപിഎൽ ചരിത്രം തിരുത്തിക്കുറിച്ച്, ലക്നോ സൂപ്പർ ജയന്റ്സിനെതിരെ ചെറിയ സ്കോർ പ്രതിരോധിച്ച് ആർസിബി ജയം സ്വന്തമാക്കി.
126 റൺസ് പ്രതിരോധിച്ച ആർസിബി, "തല്ലുകൊള്ളികൾ' എന്ന കുപ്രസിദ്ധി ആർജിച്ച ബൗളിംഗ് നിരയുടെ കരുത്തിൽ 18 റൺസിന്റെ വിജയമാണ് സ്വന്തമാക്കിയത്. ചേസിനിറങ്ങിയ ലക്നോവിനെതിരെ 66 ഡോട്ട് ബോളുകൾ ആണ് ആർസിബി നേടിയത്. വിരാട് കോഹ്ലിയുടെ തകർപ്പൻ ക്യാച്ചുകൾ ഉൾപ്പെടെയുള്ള മികച്ച ഫീൽഡിംഗ് പ്രകടനവും ടീമിന് തുണയായി.
സ്കോർ:
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 126/9(20)
ലക്നോ സൂപ്പർ ജയന്റ്സ് 108/10 (19.5)
ഇന്നിംഗ്സിന്റെ രണ്ടാം പന്തിൽ കൈൽ മേയേസിനെ ഡക്കിന് പുറത്താക്കിയ മുഹമ്മദ് സിറാജ് ആണ് ലക്നോ ചേസ് പൊളിച്ചുതുടങ്ങിയത്. ഏഴ് ഓവറിൽ 38-5 എന്ന നിലയിൽ ലക്നോവിനെ ഒതുക്കിയ ആർസിബി മത്സരത്തിൽ പിടിമുറുക്കിയിരുന്നു.
ഉത്തരവാദിത്വമില്ലാത്ത ബാറ്റിംഗിലൂടെ ലക്നോ ബാറ്റർമാരും അതിഥികളെ സഹായിച്ചു. 23 റൺസ് നേടിയ കൃഷ്ണപ്പ ഗൗതം ആണ് ടീമിന്റെ ടോപ് സ്കോറർ. പരിക്കേറ്റ അവസാന ബാറ്റർ ആയി എത്തിയ കെ.എൽ. രാഹുലിന്(0*) പകരം നായകസ്ഥാനം ഏറ്റെടുത്ത ക്രുണാൽ പാണ്ഡ്യ 14 റൺസ് നേടി പുറത്തായി.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആർസിബിക്കായി വിരാട് കോഹ്ലി(31), ഫാഫ് ഡുപ്ലെസി(44) എന്നിവർ മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ ദിനേഷ് കാർത്തിക്കിന്(16) ഒഴിച്ച് ടീമിലെ മറ്റ് എട്ട് ബാറ്റർമാർക്കും ഒറ്റയക്ക സ്കോറിനപ്പുറം കടക്കാനായില്ല.
നാലോവറിൽ 30 റൺസ് വിട്ടുനൽകി മൂന്ന് വിക്കറ്റ് നേടിയ നവീൻ ഉൾ ഹഖ്, നിശ്ചിത ഓവറിൽ 21 റൺസിന് രണ്ട് വിക്കറ്റ് നേടിയ രവി ബിഷ്ണോയ് എന്നിവരാണ് ആർസിബിയെ പിടിച്ചുകെട്ടിയത്.
ജയത്തോടെ 10 പോയിന്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് ആർസിബി ഉയർന്നു. സമാന പോയിന്റുള്ള മികച്ച റൺനിരക്കിന്റെ അടിസ്ഥാനത്തിൽ മൂന്നാം സ്ഥാനത്താണ്.