കുട്ടിക്കാനത്ത് ചരക്ക് ലോറി ഓട്ടോയ്ക്ക് മുകളിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു
Wednesday, May 3, 2023 7:05 PM IST
ഇടുക്കി: കൊല്ലം-തേനി ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപം മുറിഞ്ഞപുഴയിൽ ചരക്ക് ലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. മുണ്ടക്കയം പറത്താനം സ്വദേശി മെൽബിൻ കെ. ബെന്നി (32) ആണ് മരിച്ചത്.
വൈകുന്നേരം 4.30 ഓടെയാണ് അപകടമുണ്ടായത്. കോട്ടയത്തേക്ക് റബർ ഉല്പന്നങ്ങളുമായി വരികയായിരുന്നു ടോറസ് ലോറിയാണ് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞത്. മുറിഞ്ഞപുഴ വളവിൽ വച്ച് നിയന്ത്രണംതെറ്റിയ ലോറി എതിർ ദിശയിൽ വന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിയുകയായിരുന്നു.
അപകടത്തിന് പിന്നാലെ ഓട്ടോറിക്ഷ പൂർണമായും ലോറിക്ക് അടിയിലായി. പോലീസും, ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ലോറി വടംകെട്ടി വലിച്ച് ഉയർത്തിയ ശേഷമാണ് ഓട്ടോറിക്ഷയ്ക്ക് ഉള്ളിൽ കുടുങ്ങി കിടന്ന ഡ്രൈവറെ പുറത്തെടുത്തത്.
ലോറി ഡ്രൈവർ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു.