"സൂപ്പർ' ഡെർബി മഴയെടുത്തു
Wednesday, May 3, 2023 10:21 PM IST
ലക്നോ: ഇന്ത്യൻ പ്രീമിയർ ലീഗിലെ ചെന്നൈ സൂപ്പർ കിംഗ്സ് - ലക്നോ സൂപ്പർ ജയന്റ്സ് പോരാട്ടം മഴ മൂലം ഉപേക്ഷിച്ചു. ആദ്യ ഇന്നിംഗ്സിന്റെ അവസാന ഓവർ പൂർത്തിയാക്കാൻ നാല് പന്ത് ബാക്കി നിൽക്കെയാണ് മഴ എത്തിയത്. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമിനും ഓരോ പോയിന്റ് വീതം ലഭിച്ചു.
മതീഷ പതിരന എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്ത് നേരിട്ട്, ഏഴ് വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് എന്ന നിലയിൽ ലക്നോ പതറിനിന്ന വേളയിലാണ് മഴ വില്ലനായി എത്തിയത്. ചുരുക്കിയ വിജയലക്ഷ്യം നൽകി അഞ്ച് ഓവറെങ്കിലും നീണ്ടുനിൽക്കുന്ന ചേസ് നടത്താൻ സിഎസ്കെയ്ക്ക് അവസരമൊരുക്കാൻ അംപയർമാർ ശ്രമിച്ചെങ്കിലും മഴ വിട്ടുമാറാതെ നിന്നു.
നാലോവറിൽ 13 റൺസ് മാത്രം വിട്ടുനൽകിയ മൊയീൻ അലിയുടെ കരുത്തിലാണ് സിഎസ്കെ മിന്നും ബൗളിംഗ് കാഴ്ചവച്ചത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ലക്നോവിനായി ആയുഷ് ബദോനി മാത്രമാണ് മികച്ച രീതിയിൽ ബാറ്റ് വീശിയത്. ബദോനി 33 പന്തിൽ നാല് സിക്സും രണ്ട് ഫോറുമുൾപ്പെടെ 59* റൺസ് നേടി. 20 റൺസ് നേടിയ നിക്കൊളാസ് പി. ആണ് ടീമിന്റെ രണ്ടാമത്തെ മികച്ച സ്കോറിനുടമ.
സിഎസ്കെയ്ക്കായി പതിരന, മഹീഷ് തീക്ഷണ എന്നിവർ രണ്ട് വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. 11 പോയിന്റുള്ള ലക്നോ ലീഗിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. സമാന പോയിന്റുള്ള സിഎസ്കെ റൺനിരക്കിന്റെ അടിസ്ഥാനത്തിൽ മൂന്നാം സ്ഥാനത്താണ്.