വിജയം അടിച്ചെടുത്ത് മുംബൈ
Wednesday, May 3, 2023 11:43 PM IST
മൊഹാലി: പഞ്ചാബ് കിംഗ്സ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടന്ന് വിജയം നേടി മുംബൈ ഇന്ത്യൻസ്. ഫോമിലേക്ക് മടങ്ങിയെത്തിയ സൂര്യകുമാർ യാദവ്(66), ഇഷാൻ കിഷൻ(75) എന്നിവരുടെ കരുത്തിൽ കിംഗ്സിനെതിരെ ആറ് വിക്കറ്റിന്റെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്.
ലിയാം ലിവിംഗ്സ്റ്റൺ അടിച്ചെടുത്ത 82* റൺസിന്റെ കരുത്തിൽ കിംഗ്സ് ഉയർത്തിയ 215 റൺസ് എന്ന വിജയലക്ഷ്യം ഏഴ് പന്ത് ബാക്കി നിൽക്കെയാണ് മുംബൈ മറികടന്നത്. അർഷ്ദീപ് സിംഗ് അടക്കമുള്ള കിംഗ്സ് ബൗളർമാർ കണക്കിന് തല്ല് വാങ്ങിക്കൂട്ടിയതോടെയാണ് മുംബൈയുടെ ജയം അനായാസമായത്.
സ്കോർ:
പഞ്ചാബ് കിംഗ്സ് 214/3(20)
മുംബൈ ഇന്ത്യൻസ് 216/4(18.5)
ചേസിനിറിങ്ങിയ മുംബൈയ്ക്ക് നായകൻ രോഹിത് ശർമയെ(0) രണ്ടാം പന്തിൽ നഷ്ടമായി. കാമറൂൺ ഗ്രീൻ(23) വേഗം മടങ്ങിയെങ്കിലും സ്കൈ - കിഷൻ കൂട്ടുകെട്ട് ടീം സ്കോർ അതിവേഗം ചലിപ്പിച്ചു. മൈതാനം നിറയുന്ന ഷോട്ടുകളിലൂടെ എട്ട് ഫോറുകളും രണ്ട് സിക്സറുകളുമാണ് സ്കൈ നേടിയത്.
ടീം സ്കോർ 170-ൽ നിൽക്കെ സ്കൈ മടങ്ങിയെങ്കിലും കിഷൻ പോരാട്ടം തുടർന്നു. നാല് സിക്സുകളും ഏഴ് ഫോറും അടിച്ചെടുത്ത കിഷനും ഉടനെ മടങ്ങിയെങ്കിലും ടിം ഡേവിഡ്(19), തിലക് വർമ(26) എന്നിവർ ടീമിനെ വിജയത്തിലെത്തിച്ചു. 3.5 ഓവറിൽ 66 റൺസ് വഴങ്ങിയ സിംഗ് ആണ് കിംഗ്സ് ബൗളിംഗിലെ "വിശാലഹൃദയൻ'. നേഥൻ എല്ലിസ് രണ്ടും ഋഷി ധവാൻ ഒരു വിക്കറ്റും നേടി.
നേരത്തെ, ലിവിംസ്റ്റൺ(42 പന്തിൽ 82*) - ജിതേഷ് ശർമ(27 പന്തിൽ 49*) സഖ്യമാണ് കിംഗ്സിനെ മികച്ച സ്കോറിലെത്തിച്ചത്. ശിഖർ ധവാൻ(30), മാത്യു ഷോർട്ട്(27) എന്നിവർ വേഗം മടങ്ങിയിരുന്നു. മുംബൈയ്ക്കായി പീയുഷ് ചൗള മാത്രമാണ് മികച്ച രീതിയിൽ പന്തെറിഞ്ഞത്. ചൗള നാലോവറിൽ 29 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ കരസ്ഥമാക്കി.