അമേരിക്കയിലെ അറ്റ്ലാന്റയിൽ വെടിവയ്പ്; ഒരാൾ കൊല്ലപ്പെട്ടു
Thursday, May 4, 2023 5:15 PM IST
അറ്റ്ലാന്റ: അമേരിക്കയിലെ അറ്റ്ലാന്റയിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു.
അറ്റ്ലാന്റയിൽ ഒരു മെഡിക്കൽ സ്ഥാപനത്തിന്റെ വിശ്രമമുറിയിൽ കയറിയാണ് തോക്കുധാരി ആക്രമണം അഴിച്ചുവിട്ടത്. കെട്ടിടത്തിന്റെ 11-ാം നിലയിലുള്ള മുറിയിൽ വിശ്രമിക്കുകയായിരുന്ന സ്ത്രീകൾക്കു നേരെ ഇയാൾ വെടിയുതിർക്കുകയായിരുന്നു.
വെടിവയ്പിനുശേഷം ഒരു വാഹനം മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ പോലീസ് അന്വേഷിച്ചു പിടികൂടി. 24കാരനായ ഡിയോണ്‍ പാറ്റേഴ്സണ്‍ ആണ് അക്രമം നടത്തിയത്. ഇയാളെ കുറിച്ചു കൂടുതൽ വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.
39 വയസുള്ള സ്ത്രീയാണ് മരിച്ചത്. ഇവർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായും അധികൃതർ അറിയിച്ചു. 25, 39, 56, 71 വയസുള്ള സ്ത്രീകൾക്കാണ് വെടിയേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.