ഇംഫാല്‍: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഇതുവരെ മരിച്ചത് 54 പേരെന്ന് റിപ്പോര്‍ട്ട്. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചുരചന്ദ്പൂര്‍ ജില്ലാ ആശുപത്രി, ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്നിവിടങ്ങളിലാണ് മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

ചുരചന്ദ്പൂരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് പേര്‍ വെടിയേറ്റ് മരിച്ചു. സംഘര്‍ഷ ബാധിത മേഖലയില്‍ ആളുകളെ ഒഴിപ്പിക്കുന്നതിനിടെ അക്രമം നടത്തിയവരാണ് കൊല്ലപ്പെട്ടത്. ഇംഫാലില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ലെറ്റ്മിന്‍താങ് ഹകോപ് എന്ന ഉദ്യോഗസ്ഥനെ വീട്ടില്‍ നിന്ന് വലിച്ച് പുറത്തിറക്കിയാണ് അക്രമികള്‍ കൊലപ്പെടുത്തിയതെന്നാണ് വിവരം.

കഴിഞ്ഞ 12 മണിക്കൂറിനിടയില്‍ ഇംഫാലിന്‍റെ കിഴക്ക് പടിഞ്ഞാറന്‍ ജില്ലകളില്‍ വ്യാപകമായ അക്രമസംഭവങ്ങള്‍ ഉണ്ടായി. ചുരചന്ദ്പൂര്‍, കാക്ചിംഗ്, കാംഗ്‌പോക്പി എന്നിവ അടക്കമുള്ള ജില്ലകള്‍ പൂര്‍ണമായും സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ്. ഇതുവരെ 13000ത്തോളം പേരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഭൂരിപക്ഷം വരുന്ന മെയ്‌തേയി സമുദായത്തെ ഗോത്രവര്‍ഗത്തില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് സംസ്ഥാനത്ത് പ്രതിഷേധം ഉടലെടുത്തത്. ഇതിനെതിരെ ഗോത്രവിഭാഗത്തില്‍പെട്ട ആളുകള്‍ രംഗത്തുവരികയായിരുന്നു.

അക്രമം കലാപത്തിലേക്ക് നീങ്ങിയതോടെ പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചു. അക്രസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്‍റർനെറ്റ് സംവിധാനവും വിച്ഛേദിച്ചിട്ടുണ്ട്.