ഖലിസ്ഥാൻ നേതാവ് പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടു
Saturday, May 6, 2023 6:14 PM IST
ഇസ്ലാമാബാദ്: കുപ്രസിദ്ധ ഭീകരനും ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ്(കെസിഎഫ്) തലവനുമായ പരംജിത് സിംഗ് പഞ്ജ്വാർ(മാലിക് സർദാർ സിംഗ്) പാക്കിസ്ഥാനിൽ വച്ച് കൊല്ലപ്പെട്ടു.
പ്രഭാതസവാരി നടത്തുന്ന വേളയിൽ ലാഹോറിലെ തെരുവിൽ വച്ചാണ് പഞ്ജ്വാർ ആക്രമിക്കപ്പെട്ടത്. മാസ്ക് ധരിച്ചെത്തിയ രണ്ടംഗ അക്രമിസംഘം പഞ്ജ്വാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. പാക്കിസ്ഥാൻ സർക്കാർ പഞ്ജ്വാറിന് അനുവദിച്ച ഗൺമാൻ അക്രമികളിലൊരാൾക്ക് നേരെ വെടിയുതിർത്തതായി അധികൃതർ അറിയിച്ചു.
പഞ്ചാബിലെ തരൺ തരൺ സ്വദേശിയായ പഞ്ജ്വാർ1986-ലാണ് കെസിഎഫ് ആരംഭിച്ചത്. യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തി പഞ്ജ്വാറിനെതിരെ ഇന്ത്യ നടപടികൾ ശക്തമാക്കിയപ്പോൾ ഇയാൾ പാക്കിസ്ഥാനിലേക്ക് കൂടുമാറുകയായിരുന്നു. പാക്കിസ്ഥാനിൽ നിന്ന് ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ പഞ്ജ്വാർ, റേഡിയോ പാക്കിസ്ഥാൻ വഴി ഇന്ത്യാവിരുദ്ധ സന്ദേശങ്ങൾ സ്ഥിരമായി പുറത്തുവിട്ടിരുന്നു.