വെസ്റ്റ് ബാങ്കിൽ ആക്രമണം; രണ്ട് ഹമാസ് പോരാളികൾ കൊല്ലപ്പെട്ടു
Saturday, May 6, 2023 9:17 PM IST
ടെൽ അവീവ്: ഇസ്രേയൽ സേന വെസ്റ്റ് ബാങ്കിൽ നടത്തിയ റെയ്ഡിൽ രണ്ട് ഹമാസ് പോരാളികൾ കൊല്ലപ്പെട്ടു. 22 വയസുള്ള രണ്ട് യുവാക്കളാണ് കൊല്ലപ്പെട്ടത്. ഇവരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല.
ടുൽകാരെം നഗരത്തിന് സമീപത്തുള്ള നൂർ ഷാംസ് അഭയാർഥി ക്യാമ്പിലാണ് ഇസ്രയേൽ സേന റെയ്ഡ് നടത്തിയത്. ചൊവ്വാഴ്ച വെസ്റ്റ് ബാങ്കിലെ അവ്നെയ് ഹെ്ഫ്റ്റ്സ് മേഖലയിൽ ഇസ്രയേൽ പൗരൻ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ തേടിയാണ് റെയ്ഡ് നടത്തിയത്.
നൂർ ഷാംസിലെ ഒരു കെട്ടിടത്തിന്റെ മുകൾനിലയിൽ വച്ചാണ് അക്രമികളെ സേന വധിച്ചത്. കൊല്ലപ്പെട്ടവരുടെ മൃതദേഹം കെട്ടിടത്തിന്റെ വശത്തുള്ള ഷീറ്റിന് മുകളിലാണ് കിടന്നിരുന്നത്. അക്രമികളുടെ പക്കൽ നിന്ന് എംഐ 16 റൈഫിളുകളും മാഗസിനുകളും കണ്ടെത്തിയതായി ഇസ്രയേൽ അറിയിച്ചു.
കൊല്ലപ്പെട്ടവർ തങ്ങളുമായി ബന്ധമുള്ള സംഘടനയിലെ അംഗങ്ങളാണെന്ന് ഹമാസ് സ്ഥിരീകരിച്ചു. യുവാക്കളുടെ മൃതദേഹം താബെത്ത് താബെത്ത് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.