ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Sunday, May 7, 2023 11:01 AM IST
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി തീവ്രന്യൂനമര്‍ദമായി മാറുമെന്നും കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ചക്രവാതച്ചുഴി തിങ്കളാഴ്ചയോടെ ന്യൂനമര്‍ദമായും തുടര്‍ന്നുള്ള മണിക്കൂറുകളില്‍ തീവ്രന്യൂനമര്‍ദമായും ശക്തി പ്രാപിച്ചേക്കും. തുടര്‍ന്ന് വടക്ക് ദിശയിലേക്ക് പ്രവഹിച്ച് മധ്യ ബംഗാള്‍ ഉള്‍കടലിലേക്ക് നീങ്ങുന്ന പാതയില്‍ ചുഴലിക്കാറ്റായി മാറുമെന്നാണ് വിദഗ്ധ നിഗമനം.
ഇതിന്റെ ഫലമായി സംസ്ഥാനത്ത് നാല് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ കാറ്റും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ 11 സെന്റീമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത.
നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും ഇടുക്കിയില്‍ ചൊവ്വ, കോഴിക്കോട് ജില്ലയില്‍ ബുധൻ, വയനാട് ജില്ലയില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഈ ഭാഗത്തേക്കു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കി.