വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ സമയക്രമത്തിൽ മാറ്റം
Friday, May 12, 2023 10:03 PM IST
തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിന്റെ സമയ ക്രമത്തിൽ മാറ്റം വരുത്തി ദക്ഷിണ റെയിൽവേ. മേയ് 19 മുതലുള്ള സർവീസുകളിൽ പുതിയ സമയക്രമം ബാധകമാകും. തിരുവനന്തപുരത്തുനിന്ന് കാസർഗോട്ടേക്ക് പോകുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.
കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ സ്റ്റേഷനുകളിൽ എത്തിച്ചേരുന്ന സമയത്തിലും പുറപ്പെടുന്ന സമയത്തിലുമാണ് മാറ്റം വരുന്നത്. കാസർഗോട്ടേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് കൊല്ലത്ത് രാവിലെ 6.07 നായിരുന്നു എത്തിച്ചേരുന്നത്. ഇനി മുതൽ 6.08 നാണ് ട്രെയിൻ ഇവിടെ എത്തുക. 6.10 ന് ഇവിടെ നിന്ന് പുറപ്പെടും.
കോട്ടയത്തു 7.25ന് പകരം 7.24 നാണ് ഇനി മുതൽ വന്ദേ ഭാരത് എത്തുക. 7.27 ന് കോട്ടയത്ത് നിന്ന് പുറപ്പെടും. എന്നാൽ എറണാകുളത്ത് ട്രെയിൻ എത്തിച്ചേരുമ്പോൾ നിലവിലെ സമയത്തിലും എട്ട് മിനിറ്റ് വൈകും. ഇപ്പോൾ 8.17 ന് എത്തുന്ന ട്രെയിൻ 8.25 നാണ് എത്തുക. ഇവിടെ നിന്ന് പുറപ്പെട്ട് തൃശൂരിൽ 9.22 നായിരുന്നു എത്തിച്ചേർന്നിരുന്നത്. ഇനി 9.30 നാണ് ട്രെയിൻ തൃശൂരിൽ എത്തുക. എന്നാൽ ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന സമയത്തിലും കാസർഗോട്ട് എത്തിച്ചേരുന്ന സമയത്തിലും മാറ്റമില്ല.