സമുദ്രാതിർത്തി ലംഘിച്ച മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ മോചിപ്പിച്ചു
Saturday, May 13, 2023 5:23 AM IST
ന്യൂഡൽഹി: മത്സ്യബന്ധനത്തിനിടെ അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ചതിന് പാക്കിസ്ഥാൻ പിടികൂടി ജയിലിലടച്ച 198 ഇന്ത്യക്കാരെ മോചിപ്പിച്ചു. അട്ടാരി-വാഗാ അതിർത്തിയിൽ വച്ചാണ് ഇവരെ ഇന്ത്യയ്ക്ക് കൈമാറിയത്.
മത്സ്യബന്ധനം നടത്തുന്നതിനിടെ അബദ്ധത്തിലാണ് ഇവർ അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ചത്. തുടർന്ന് പാക്ക് ഉദ്യോഗസ്ഥർ പിടികൂടിയ ഇവരെ കുറ്റക്കാരെന്ന് വിധിച്ച് ജയിലിലടയ്ക്കുകയായിരുന്നു.
അതേസമയം, കടലിലെ അതിർത്തിയെക്കുറിച്ച് ബോധ്യമില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. അതിർത്തി അറിയാൻ അടയാളമോ മറ്റ് ഒരുമാർഗവുമില്ലെന്നും അവർ പറയുന്നു.
പാക്കിസ്ഥാനിലെ ജയിലിൽ ഇന്ത്യക്കാരായ ആറ് പേർ ഇനിയും കഴിയുന്നുണ്ടെന്നും ഇവരെ പുറത്തിറക്കാൻ സർക്കാർ ഇടപടണമെന്നും മോചിതരായ മത്സ്യത്തൊഴിലാളികളിൽ ഒരാൾ അഭ്യർഥിച്ചു.
ഇന്ത്യയിലെയും പാകിസ്ഥാനിലെയും മത്സ്യത്തൊഴിലാളികൾ അറബിക്കടലിലെ അന്താരാഷ്ട്ര സമുദ്രാതിർത്തി അബദ്ധത്തിൽ മറികടക്കുന്നത് പതിവാണ്. എന്നാൽ, ഇവരെ ഉടൻതന്നെ അതാത് രാജ്യങ്ങളിലെ സുരക്ഷാഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്യും.