ജയനഗർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി വിജയിച്ചു
Sunday, May 14, 2023 1:26 PM IST
ബംഗളൂരു: കര്‍ണാടകയിലെ ജയനഗര്‍ മണ്ഡലത്തില്‍ ബിജെപിയുടെ സി.കെ രാമമൂര്‍ത്തി വിജയിച്ചു. കോണ്‍ഗ്രസിന്റെ സൗമ്യ റെഡ്ഡിയെ 16 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രാമമൂര്‍ത്തി വിജയിച്ചത്.
ജയനഗറിലെ എസ്എസ്എംആര്‍വി കോളജില്‍ വച്ച് വോട്ടെണ്ണിയതിന് ശേഷമാണ് ഉദ്യോഗസ്ഥര്‍ ഫലം പുറത്തുവിട്ടത്.
നേരത്തെ, രാമമൂർത്തിയേക്കാൾ 296 വോട്ടുകൾക്ക് മുന്നിലായിരുന്നു സൗമ്യ റെഡ്ഡി. തുടർന്ന് പോസ്റ്റൽ വോട്ടുകൾ വീണ്ടും എണ്ണണമെന്ന് ഇലക്ഷൻ കമ്മീഷനോട് രാമമൂർത്തി അഭ്യർഥിച്ചിരുന്നു.
രാമമൂർത്തിയുടെ അഭ്യർഥന അംഗീകരിച്ച ഇലക്ഷൻ കമ്മീഷൻ പോസ്റ്റൽ വോട്ടുകൾ വീണ്ടുമെണ്ണാൻ നിർദേശം നൽകുകയും ചെയ്തു.
എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി.കെ. ശിവകുമാറും പാർട്ടി വർക്കിംഗ് പ്രസിഡന്റ് രാമലിംഗ റെഡ്ഡിയും മറ്റ് ഭാരവാഹികളും രംഗത്തെത്തി.
രാമമൂർത്തിക്ക് അനുകൂലമായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതായി അവർ ആരോപിച്ചു.
രാമമൂർത്തിയെ വിജയിയായി ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചുവെങ്കിലും 66 മണ്ഡലങ്ങളിലായി ബിജെപി ഒതുങ്ങി. 135 സീറ്റുകളിൽ വമ്പിച്ച വിജയമാണ് കോൺഗ്രസ് നേടിയത്.