കരിപ്പൂരിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ 1.8 കോടിയുടെ സ്വർണം പിടികൂടി
സ്വന്തം ലേഖകൻ
Sunday, May 14, 2023 12:45 PM IST
മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.8 കോടി രൂപയുടെ മൂന്നു കിലോയോളം സ്വർണം മൂന്നു വ്യത്യസ്ത കേസുകളിലായി കസ്റ്റംസ് പിടികൂടി. ശനിയാഴ്ച രാത്രിയും ഇന്ന് രാവിലെയുമായാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ മൂന്നുപേർ പിടിയിലായി.
സംഭവത്തിൽ മലപ്പുറം പുൽപറ്റ സ്വദേശിയായ പൂതനാരി ഫവാസിൽ നിന്നും 1163 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതവും നെടിയിരിപ്പ് സ്വദേശിയായ തേട്ടത്തോടി മുഹമ്മദ് ജാസിമിൽ നിന്നും 1057 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതവും തൃപ്പനച്ചി സ്വദേശിയായ സലീമിൽ നിന്നും 1121 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതവുമാണ് പിടികൂടിയത്.