കർണാടക മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനം നീളും; നിരീക്ഷകരെ ചുമതലപ്പെടുത്തി
വെബ് ഡെസ്ക്
Sunday, May 14, 2023 9:56 PM IST
ബംഗളൂരു: കർണാടക മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനം ഇന്നുണ്ടായേക്കില്ല. ഇക്കാര്യത്തിൽ ഡൽഹിയിലാകും തീരുമാനമുണ്ടാകുക എന്നാണ് വിവരം. മുഖ്യമന്ത്രി സ്ഥാനത്തിനായി ഡി.കെ. ശിവകുമാർ കരുനീക്കം ശക്തമാക്കിയതോടെയാണ് തീരുമാനം വൈകുന്നത്.
അതേസമയം, നിയമസഭ കക്ഷി യോഗത്തിൽ സമവായമുണ്ടാകില്ലെന്ന് ഉറപ്പായതോടെ ഹൈക്കമാൻഡ് മൂന്ന് നിരീക്ഷകരെ ചുമതലപ്പെടുത്തി. സുശീൽ കുമാർ ഷിൻഡെ, ജിതേന്ദ്ര സിംഗ്, ദീപക് ബാബറിയ എന്നിവരാണ് സമിതി അംഗങ്ങൾ. മൂവരും ഇന്ന് വൈകുന്നേരത്തോടെ ബംഗളൂരുവിലെത്തും.
സമിതി അംഗങ്ങൾ എംഎൽഎമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണും. നിരീക്ഷകർ ഹൈക്കമാൻഡിന് വിശദമായ റിപ്പോർട്ട് നൽകിയശേഷം ഡൽഹിയിലായിരിക്കും തീരുമാനം പ്രഖ്യാപിക്കുക.
അതേസമയം, സിദ്ധരാമയ്യയുമായി തനിക്ക് ഭിന്നതയില്ലെന്ന് ഡി.കെ ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് സിദ്ധരാമയ്യയുമായി ഭിന്നതയുണ്ടെന്ന് ചിലർ പറഞ്ഞുപരത്തുന്നു. എന്നാൽ ഞങ്ങൾക്കിടയിൽ ഒരു ഭിന്നതയും ഇല്ല എന്നതാണ് സത്യമെന്ന് ഡി.കെ പറഞ്ഞു.