കോട്ടയത്ത് പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരന് നേരെ ആക്രമണം
Monday, May 15, 2023 9:44 AM IST
കോട്ടയം: പാമ്പാടിയില്‍ വീട്ടില്‍ അക്രമം നടക്കുന്നുവെന്ന യുവതിയുടെ പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരന് നേരെ ആക്രമണം. സംഭവത്തില്‍ പാമ്പാടി സ്റ്റേഷനിലെ ജിബിന്‍ ലോബോയ്ക്ക് തലയ്ക്ക് പരിക്കേറ്റു.
പരാതിക്കാരിയുടെ ഭര്‍ത്താവായ നെടുങ്കുഴി സ്വദേശി സാം ആണ് ആക്രമിച്ചത്. ഞായറാഴ്ച രാത്രി 10.30നാണ് സംഭവം. സാം മര്‍ദിക്കുന്നെന്ന യുവതിയുടെ പരാതി അന്വേഷിക്കാനാണ് പോലീസ് സംഘം ഇവരുടെ വീട്ടിലെത്തിയത്.
പോലീസ് ഇവിടെയെത്തുമ്പോള്‍ യുവതിയെ മുറിയിൽ പൂട്ടിയിട്ട നിലയിലായിരുന്നു. കതക് തുറക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ പോലീസിനെ ആക്രമിക്കുകയായിരുന്നു.
തലയ്ക്ക് പരിക്കേറ്റ ജിബിനെ ആദ്യം പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.
അതേസമയം ആക്രമണത്തിന് ശേഷം രക്ഷപെട്ട പ്രതിക്കായുള്ള തെരച്ചിൽ തുടരുകയാണ്.