എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കും: ചെന്നിത്തലയെ തള്ളി റോഷി അഗസ്റ്റിന്
Monday, May 15, 2023 2:30 PM IST
തിരുവനന്തപുരം: കേരള കോൺഗ്രസ്-എം യുഡിഎഫിലേക്കില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. കേരളാ കോണ്‍ഗ്രസിനെ യുഡിഎഫില്‍ നിന്നും പുറത്താക്കിയതാണ്. അത് തെറ്റായിപ്പോയെന്ന് യുഡിഎഫ് തിരിച്ചറിഞ്ഞതില്‍ സന്തോഷം.
മുന്നണിമാറ്റം ആലോചനയിലില്ലെന്നും തങ്ങൾ എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരള കോൺഗ്രസ്-എം യുഡിഎഫിലേക്ക് തിരികെ വരുന്നതില്‍ സന്തോഷമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ, ജോസ് കെ. മാണിയുടെ പാർട്ടിയെ യുഡിഎഫിലേക്ക് എത്തിക്കാൻ കോൺഗ്രസിലെ ഒരു വിഭാഗത്തിന് ഇപ്പോഴും താത്പര്യമുണ്ടെന്ന് വാർത്താ സമ്മേളനത്തിൽ ചെന്നിത്തല പറഞ്ഞിരുന്നു.
മധ്യകേരളത്തിൽ മുന്നണിയുടെ കെട്ടുറപ്പിന് ഇത് ആവശ്യമാണെന്നാണ് കെപിസിസി വിലയിരുത്തൽ. എന്നാൽ എൽഡിഎഫിലേക്ക് ചേക്കേറിയ ജോസുമായി കോൺഗ്രസ് ചർച്ചകളൊന്നും തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
മധ്യകേരളത്തിൽ വിവിധ ക്രൈസ്തവ സഭകളെ കൂടെ നിർത്താൻ ബിജെപി നടത്തുന്ന ചരടുവലികൾ പ്രതിരോധിക്കാൻ കേരള കോൺഗ്രസ്-എം ഒപ്പമുണ്ടായാൽ കഴിയുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.