മോദി കഴിവുകെട്ടവൻ, മൂന്നാമതും അധികാരത്തിൽ എത്തിയാൽ സർവനാശം; കേന്ദ്രമന്ത്രിയുടെ ഭർത്താവ്
വെബ് ഡെസ്ക്
Tuesday, May 16, 2023 1:52 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ ഭർത്താവും എഴുത്തുകാരനുമായ പരകാല പ്രഭാകർ. സാമ്പത്തിക രംഗത്തടക്കം മോദിയുടെ കഴിവില്ലായ്മ അമ്പരപ്പിക്കുന്നു.
2024-ൽ മോദി വീണ്ടും അധികാരത്തിലെത്തിയാൽ രാജ്യത്ത് സർവ നാശമുണ്ടാകുമെന്നും "ദ ക്രൂക്കഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ’ എന്ന പുസ്തകത്തെക്കുറിച്ച് "ദ വയറിന്' നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സമ്പദ്വ്യസ്ഥ തകർച്ചയിലാണ്. തൊഴിലില്ലായ്മ കുതിക്കുന്നു. സമ്പത്ത് കുറച്ചുപേരിൽമാത്രം കേന്ദ്രീകരിക്കുന്നു. മന്ത്രിമാരും മോദി അനുകൂലികളും സത്യത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണ്.
2014-ൽ മോദിയും ബിജെപിയും സദ്ഭരണവും അഴിമതിരഹിതവുമായ സർക്കാരും വികസനവും വാഗ്ദാനം ചെയ്താണ് വോട്ട് ചോദിച്ചത്. എന്നാൽ പിന്നീട് ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനും ഹിന്ദുത്വ ശക്തികളെ കെട്ടഴിച്ചുവിടാനുമുള്ള അവരുടെ നീക്കമാണ് കാണാൻ കഴിഞ്ഞത്.
രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള ബിജെപിയുടെ നീക്കം അവർക്ക് തിരിച്ചടിയാകുമെന്നും പരകാല പ്രഭാകർ വിമർശിക്കുന്നു. അതേസമയം, കരൺ ഥാപ്പറുമായി നടത്തിയ അഭിമുഖത്തിൽ ധനമന്ത്രിയെ പരകാല പ്രഭാകർ വ്യക്തിപരമായി വിമർശിക്കുന്നില്ല.