അപരിചിതന്റെ ബൈക്കില്‍ ലൊക്കേഷനിലെത്തി അമിതാഭ് ബച്ചന്; പക്ഷേ പിന്നാലെ പണിയെത്തി
Tuesday, May 16, 2023 3:28 PM IST
മുംബൈ: ട്രാഫിക് തിരക്ക് മൂലം അപരിചിതന്റെ ബൈക്കിൽ സഞ്ചരിച്ച അമിതാഭ്ബച്ചന് കഴിഞ്ഞദിവസം സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരുന്നു. കൃത്യസമയത്ത് ലൊക്കേഷനില്‍ എത്തിച്ചേരുന്നതിനായിരുന്നു ഈ യാത്ര.
അടുത്ത ദിവസം നടി അനുഷ്ക ശര്‍മയും തന്റെ അംഗരക്ഷകനൊപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്നു. എന്നാല്‍ ഇരുവരുമിപ്പോള്‍ പുലിവാല് പിടിച്ചിരിക്കുകയാണ്. കാരണം ഈ താരങ്ങള്‍ ഹെല്‍മറ്റ് ധരിക്കാതെയാണ് യാത്ര ചെയ്തത്.
സംഭവത്തില്‍ സമൂഹ മാധ്യമങ്ങള്‍ വിമര്‍ശനവുമായി എത്തി. അഭിനേതാക്കള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഉപയോക്താക്കള്‍ മുംബൈ ട്രാഫിക് പോലീസിനെ ടാഗ് ചെയ്തു. അമിതാഭ് ബച്ചന്റേയും അനുഷ്ക ശര്‍മയുടേയും ഹെല്‍മറ്റ് ഇല്ലാത്ത ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.