പാലക്കാട്ട് യുവമോര്‍ച്ച നേതാവിന്റെ വീടിന് നേരേ ആക്രമണം; വാഹനങ്ങൾ തകർത്തു
Wednesday, May 17, 2023 12:55 PM IST
പാലക്കാട്: ചിറ്റൂരില്‍ യുവമോര്‍ച്ച നേതാവിന്റെ വീടിന് നേരേ ആക്രമണം. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളും കാറുകളും തല്ലിതകര്‍ത്തു. വീടിന്റെ ജനല്‍ ചില്ലുകളും തകര്‍ന്നിട്ടുണ്ട്.
യുവമോര്‍ച്ച ചിറ്റൂര്‍ മണ്ഡലം പ്രസിഡന്റ് രമേഷിന്റെ വീടിന് നേരേയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. വിവിധ ബൈക്കുകളിലായി എത്തിയ ഇരുപതോളം പേരാണ് ആക്രമണം നടത്തിയത്.
പ്രദേശത്തെ ബിജെപി-ജനതാദള്‍ പ്രവര്‍ത്തകര്‍ തമ്മില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് ആക്രമണമെന്നാണ് പോലീസിന്റെ നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.