അഴിമതിക്കേസ്; മുൻ ഫ്രഞ്ച് പ്രസിഡന്റ് സർക്കോസിയുടെ അപ്പീൽ തള്ളി
Wednesday, May 17, 2023 6:34 PM IST
പാരിസ്: അഴിമതിക്കേസിൽ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കൊളാസ് സർക്കോസി നൽകിയ അപ്പീൽ പാരിസ് കോടതി തള്ളി. മൂന്ന് വർഷത്തെ തടവുശിക്ഷ റദ്ദാക്കണമെന്ന സർക്കോസിയുടെ ആവശ്യം കോടതി നിരാകരിച്ചു.
എന്നാൽ ശിക്ഷാകാലാവധിയിൽ രണ്ട് വർഷം വെട്ടിച്ചുരുക്കാമെന്നും ശേഷിക്കുന്ന ഒരു വർഷം ഇലക്ട്രോണിക് ബ്രേസ്ലെറ്റ് ധരിച്ച് വീട്ടുതടങ്കലിൽ ആയിരിക്കണമെന്നും കോടതി അറിയിച്ചു. അടുത്ത മൂന്ന് വർഷത്തേക്ക് ഭരണഘടനാ പദവികൾ വഹിക്കുന്നതിൽ നിന്ന് സർക്കോസിയെ കോടതി വിലക്കുകയും ചെയ്തു.
2021-ലാണ് സർക്കോസി കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്. ഔദ്യോഗിക ഫോൺ ലൈനുകൾ ചോർത്തിയാണ് സർക്കോസി കുറ്റക്കാരനാണെന്നതിനുള്ള തെളിവുകൾ കണ്ടെത്തിയത്.
പാരിസ് കോടതിയുടെ വിധിക്കെതിരെ ഫ്രാൻസിലെ അത്യുന്നത അപ്പീൽ സംവിധാനമായ കസേഷൻ കോടതിയിൽ ഹർജി സമർപ്പിക്കുമെന്ന് സർക്കോസിയുടെ അഭിഭാഷകർ അറിയിച്ചു.