എസ്എഫ്ഐ ആള്‍മാറാട്ടം; വിശാഖിനെ സിപിഎം ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു
Thursday, May 18, 2023 3:48 PM IST
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ സര്‍വകലാശാല യൂണിയന് കൗണ്‍സിലര്‍ തെരഞ്ഞെടുപ്പിലെ ആള്‍മാറാട്ട വിവാദത്തില്‍ നടപടിയുമായി സിപിഎം. കോളജിലെ വിദ്യാര്‍ഥിയായ വിശാഖിനെ സിപിഎം ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.
പ്ലാവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു വിശാഖ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച യുയുസി അനഘയെ മാറ്റി മത്സരിക്കാത്ത കാട്ടാക്കട എസ്എഫ്ഐ ഏരിയാ സെക്രട്ടറിയുടെ പേര് സര്‍വകലാശാലക്ക് കൈമാറിയാണ് ഗുരുതര ക്രമക്കേട് നടന്നത്. ഇയാളെ കേരള സര്‍വകലാശാല യൂണിയന് ചെയര്മാന് പദവിയില്‍ എത്തിക്കാന്‍ വേണ്ടിയാണ് കോളജ് തലത്തില്‍ കൃത്രിമം കാട്ടിയതെന്നാണ് വിവരം.
സംഭവം വിവാദമായതിന് പിന്നാലെ വിശാഖിനെതിരെ എസ്എഫ്ഐയും നടപടി സ്വീകരിച്ചിരുന്നു. എസ്എഫ്ഐ കാട്ടാക്കട ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിശാഖിനെ കഴിഞ്ഞ ദിവസമാണ് പുറത്താക്കിയത്.