ജനാധിപത്യ രാജ്യത്തിന് അരാജകത്വത്തിലേക്ക് വഴുതിപ്പോകുന്നത് ബുദ്ധിമുട്ടില്ല; ജാഗ്രതവേണമെന്ന് ജസ്റ്റീസ് ജോസഫ്
Friday, May 19, 2023 10:14 PM IST
ന്യൂഡൽഹി: ജനാധിപത്യം നിലനിർത്തുന്നതിന് ജുഡീഷറിയുടെ സ്വാതന്ത്ര്യം പ്രധാനമാണെന്ന് ജസ്റ്റീസ് കെ.എം. ജോസഫ്. രാജ്യത്ത് ജനാധിപത്യ ജീവിതരീതിയും നിയമവാഴ്ചയും നിലനിർത്താൻ സുപ്രീം കോടതിയുടെ സ്വാതന്ത്ര്യം പരമപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയിൽ നടന്ന വിടവാങ്ങൽ ച ടങ്ങിലാണ് ജസ്റ്റീസ് കെ.എം. ജോസഫിന്റെ പ്രതികരണം.
ഭരണഘടനയുള്ള ജനാധിപത്യ രാജ്യത്തിന് അരാജകത്വത്തിലേക്ക്, ജനാധിപത്യത്തിന്റെ വിപരീതത്തിലേക്ക് വഴുതിപ്പോകുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ജനാധിപത്യത്തിനെതിരായ ഭീഷണികൾക്കെതിരെ പോരാടേണ്ടത് കോടതിയുടെയും ബാറിന്റെയും കടമയാണെന്നും ജസ്റ്റീസ് ജോസഫ് പറഞ്ഞു. കോടതിയും ബാറും എല്ലായ്പ്പോഴും ജാഗ്രതയിലായിരിക്കണം. ഇത് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ട കടമയാണ്. ഭരണഘടനാപരമായ ജീവിതരീതിയെ മറികടക്കാൻ കഴിയുന്ന ശക്തികൾക്കെതിരായ പോരാട്ടത്തിൽ ബാറിലെ അംഗങ്ങൾ മുൻനിരയിലായിരിക്കണമെന്നും ജസ്റ്റീസ് ജോസഫ് ഓർമിപ്പിച്ചു.
മലയാളിയായ ജസ്റ്റീസ് കെ.എം.ജോസഫ് ഉൾപ്പെടെ വിരമിക്കുന്ന മൂന്ന് ജഡ്ജിമാർക്കായി സുപ്രീം കോടതിയിൽ ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തി. ജഡ്ജിമാരായ അജയ് രസ്തോഗി, വി.രാമസുബ്രഹ്മണ്യം എന്നിവരാണു വിരമിക്കുന്ന മറ്റു രണ്ടു പേർ.
വേനലവധിക്ക് മുൻപായി എല്ലാ ജഡ്ജിമാരുമെത്തുന്ന സുപ്രീം കോടതിയുടെ അവസാന പ്രവൃത്തിദിസമായിരുന്നു ഇന്ന്. ജസ്റ്റീസ് കെ.എം.ജോസഫ് ജൂണ് 16നും അജയ് രസ്തോഗി 17നും വി.രാമസുബ്രഹ്മണ്യം 29നുമാണു വിരമിക്കുന്നത്.
ജൂലൈ മൂന്നിനേ ഇനി സ്ഥിരം ബെഞ്ചുകളുണ്ടാകൂ. വേനലവധി ദിനങ്ങളിൽ അവധിക്കാല ബെഞ്ചുകൾ അടിയന്തര പ്രാധാന്യമുള്ള കേസുകളിൽ വാദം കേൾക്കും.