സിദ്ധരാമയ്യ മന്ത്രിസഭ ഇന്ന് സ്ഥാനമേല്‍ക്കും
Saturday, May 20, 2023 1:26 PM IST
ബംഗളൂരു:കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ശനിയാഴ്ച സ്ഥാനമേല്‍ക്കും. ബംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ. ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും.
ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും മറ്റ് 25 മന്ത്രിമാരും ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. പരമാവധി 34 പേരെവരെയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാവുക. മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തില്‍ സിന്ധരാമയ്യയും ശിവകുമാറും കോണ്ഗ്രസ്കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു.
സാമുദായിക പ്രാധാന്യം പരിഗണിച്ച് കൂടിയാകും മന്ത്രിമരെ തീരുമാനിക്കുക. ജി.പരമേശ്വര, എം.ബി. പാട്ടീല്‍, കെ.ജെ.ജോര്‍ജ്, യു.ടി.ഖാദര്‍, കെ.എച്ച്. മുനിയപ്പ, പ്രിയങ്ക് ഖാര്‍ഗെ തുടങ്ങിയ പ്രമുഖരൊക്കെ മന്ത്രി സഭയിലിടം പിടിക്കുമെന്നാണ് സൂചന.
ധനകാര്യം മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. ആഭ്യന്തരം, ഊര്‍ജം, ജലസേചനം ഉള്‍പ്പെടെ പ്രധാന വകുപ്പുകള്‍ ശിവകുമാറിനു ലഭിക്കാനാണ് സാധ്യത.
224 അംഗ നിയമസഭയില്‍ 135 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉള്‍പ്പെടെ 137 സമാജികരുടെ പിന്തുണ സിദ്ധരാമയ്ക്കുണ്ട്. കോണ്‍ഗ്രസ് പിന്തുണയോടെ ജയിച്ച സര്‍വോദയ കര്‍ണാടക പക്ഷയുടെ ഏക അംഗം ദര്ശന് പുട്ടണ്ണയും സ്വതന്ത്ര എംഎല്‍എ ലതാ മല്ലികാര്‍ജുനും സര്‍ക്കാരിനെ പിന്തുണയ്ക്കും.