പിണറായി സര്‍ക്കാരിനെ ജനം വിചാരണ ചെയ്യും, കുറ്റപത്രം യുഡിഎഫ് അവതരിപ്പിക്കും: സതീശന്
Saturday, May 20, 2023 3:24 PM IST
തിരുവനന്തപുരം: അഴിമതിയും ദുര്‍ഭരണവും നടത്തുന്ന പിണറായി സര്‍ക്കാരിനെ ജനം പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രം ജനങ്ങളുടെ മുമ്പില്‍ യുഡിഎഫ് അവതരിപ്പിക്കുമെന്നും സതീശന് പറഞ്ഞു.
യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തെയും അതിന് മുമ്പുള്ള 5 വര്‍ഷക്കാലത്തേയും പിണറായി സര്‍ക്കാരിന്റെ ഭരണത്തിന്റെ കെടുതികള്‍ ജനം നിരന്തരമായി അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് സതീശന് വിമര്‍ശിച്ചു.
മഹാപ്രളയത്തിനും മഹാമാരിക്കും ശേഷം ജീവിക്കാന്‍ നിവൃത്തിയില്ലാതെ കഷ്ടടപ്പെടുന്ന സാധാരണക്കാരുടെ തലയിലേക്ക് നികുതി ഭാരം അടിച്ചേല്‍പ്പിക്കുകയാണ്. ഇത്രമാത്രം ജനങ്ങളെ ദ്രോഹിച്ച സര്‍ക്കാര്‍ ഈ സംസ്ഥാനത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ലെന്നും സതീശന് വിമര്‍ശിച്ചു.
അഴിമതിക്കാരെയും വര്‍ഗീയവാദികളെയും നിലയ്ക്ക് നിര്‍ത്തിക്കൊണ്ടുള്ള മുന്നേറ്റമാണ് കേരളത്തില്‍ യുഡിഎഫ് നടത്താന്‍ പോകുന്നതെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.