അഴിമതിയുടെ കാര്യത്തില്‍ പിണറായി സര്‍ക്കാരിന് അവാര്‍ഡ് കിട്ടും: രമേശ് ചെന്നിത്തല
Saturday, May 20, 2023 1:04 PM IST
തിരുവനന്തപുരം: അഴിമതിയുടെ കാര്യത്തില്‍ പിണറായി സര്‍ക്കാരിന് അവാര്‍ഡ് കിട്ടുമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ അഴിമതികളെല്ലാം പ്രതിപക്ഷം പുറത്തുകൊണ്ടു വരും. രേഖകളുടെ പിന്‍ബലമില്ലാതെ പ്രതിപക്ഷം ഒരാരോപണവും ഉന്നയിച്ചിട്ടില്ല. പാവപ്പെട്ടവരെ പിഴിഞ്ഞ് മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്ക് കീശ വീര്‍പ്പിക്കാനുളള ശ്രമമാണ് എഐ കാമറാ ഇടപാടില്‍ നടന്നതെന്ന് ചെന്നിത്തല ആരോപിച്ചു.
ഇതും പ്രതിപക്ഷം വെളിച്ചത്ത് കൊണ്ടുവന്നു. ഇത് സംബന്ധിച്ച് വ്യവസായ വകുപ്പ് സെക്രട്ടറി അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജനങ്ങള്‍ അംഗീകരിക്കില്ല. അത് ചവറ്റുകുട്ടയില്‍ ഇടേണ്ട റിപ്പോര്‍ട്ടാണെന്നും ചെന്നിത്തല പറഞ്ഞു.
സര്‍ക്കാര്‍ നടത്തുന്ന അഴിമതിക്കെല്ലാം ഇടതുമുന്നണി വെള്ളപൂശുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ജനങ്ങളെ വെല്ലുവിളിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ശക്തമായ സമരം തുടരും. സെക്രട്ടേറിയറ്റ് വളയല്‍ സമരങ്ങളുടെ ആദ്യഘട്ടമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.