അഴിമതിയുടെ കാര്യത്തിൽ ഇന്ത്യയിലെ മോഡലാണ് പിണറായി ഭരണം: ചെന്നിത്തല
Sunday, May 21, 2023 4:24 PM IST
ആലപ്പുഴ: അഴിമതിയുടെ കാര്യത്തിൽ ഇന്ത്യയിലെ മോഡലാണ് പിണറായി ഭരണമെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഴിമതി എങ്ങനെ ശാസ്ത്രീയമായി നടത്താൻ കഴിയും എന്നതിൽ മോഡലാണ് പിണറായി സർക്കാർ. ഇത്ര ശാസ്ത്രീയമായി അഴിമതി നടത്താൻ കഴിയുമെന്ന ഖ്യാതി പിണറായി സർക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കാട്ടുപോത്തിന്റെ ആക്രമണവുമായി ബന്ധപ്പെട്ട് മതമേലധ്യക്ഷൻമാർ നടത്തിയ പ്രസ്താനകളിൽ തെറ്റില്ല. കാരണം മലയോര മേഖലയിൽ താമസിക്കുന്ന കർഷകർ വന്യജീവികളെ കൊണ്ട് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. സർക്കാർ ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ല. മൂന്ന് പേരാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ചത്.
വാസ്തവത്തിൽ കർഷകർ മരണഭയത്തോടെയാണ് ജീവിക്കുന്നത്. കാരണം കാട്ടാന ഇറങ്ങുന്നു, കാട്ടുപോത്ത് ഇറങ്ങുന്നു. അല്ലെങ്കിൽ കരടി ഇറങ്ങുന്നു. ജീവിക്കാൻ വയ്യത്ത അവസ്ഥയാണ് ഉള്ളത്.
4,000 കോടിയുടെ നികുതി വർധിപ്പിച്ചതുമൂലം ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്. മലയോരങ്ങളിൽ ഇതോടൊപ്പംതന്നെ വന്യജീവികളുടെ അക്രമണങ്ങൾ കൂടി. വാസ്തവത്തിൽ ജനങ്ങളുടെ ജീവൻ കൂടുതൽ ദുസഹമാകുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.