ബംഗളൂരുവിൽ കനത്ത മഴ: അടിപ്പാതയിൽ കാർ വെള്ളത്തിൽമുങ്ങി യുവതിക്ക് ദാരുണാന്ത്യം
Sunday, May 21, 2023 8:22 PM IST
ബംഗളൂരു: ബംഗളൂരുവിലുണ്ടായ കനത്ത മഴയിൽ കാർ വെള്ളത്തിനടിയിലായി യുവതിക്ക് ദാരുണാന്ത്യം. നഗരത്തിലെ അടിപ്പാതയിലുണ്ടായ വെള്ളക്കെട്ടിൽ കാർ മുങ്ങി ഭാനു രേഖ (22) എന്ന യുവതിയാണ് മരിച്ചത്.
ആന്ധ്രപ്രദേശ് സ്വദേശിയായ ഭാനു രേഖ ബംഗളൂരുവിൽ ഇന്‍ഫോസിസ് ജീവനക്കാരിയാണ്. കർണാടക നിയമസഭയുടെ തൊട്ടടുത്തുള്ള കെആര്‍ സര്‍ക്കിളിലെ അടിപ്പാതയിലായിരുന്നു സംഭവം.
കാറിലുണ്ടായിരുന്ന അഞ്ച് പേരെ രക്ഷപ്പെടുത്തി. സെന്റ്. മാർത്താസ് ആശുപത്രിയിൽ ഭാനുരേഖയെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിജയവാഡയിൽനിന്നും ഭാനുരേഖയുടെ കുടുംബം അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു. കുടുംബം ബംഗളൂരു നഗരകാഴ്ചകൾ കാണാൻ കാർ വാടകയ്ക്കെടുത്ത് യാത്ര ചെയ്യുമ്പോഴാണ് ദാരുണ സംഭവം അരങ്ങേറിയത്.
കാറിൽ ഡ്രൈവർ ഉൾപ്പെടെ ഏഴുപേരാണ് ഉണ്ടായിരുന്നത്. അടിപ്പാതയിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മറിഞ്ഞ് കാറിനു മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയുണ്ടായി. ശക്തമായ വെള്ളപ്പാച്ചിലിൽ കാർ മുങ്ങി. ചില്ല് പൊട്ടി വെള്ളം ഉള്ളിലേക്ക് ഇരച്ചുകയറി.
ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഭാനുരേഖയെ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അവർ മരിച്ചിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. ഭാനുവിന്റെ കുടുംബാംഗങ്ങളെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിലെത്തി കണ്ടു.