ഫ്രാൻസിൽ കാറിന് നേർക്ക് വെടിവയ്പ്; മൂന്ന് പേർ മരിച്ചു
Sunday, May 21, 2023 9:18 PM IST
പാരിസ്: ദക്ഷിണ ഫ്രാൻസിലെ മാർസെ പട്ടണത്തിൽ അക്രമികൾ നടത്തിയ വെടിവയ്പ്പിൽ മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടു. ലഹരിക്കടത്ത് സംഘത്തിൽപ്പെട്ടവർ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
നഗരത്തിലെ ഒരു നിശാക്ലബിൽ നിന്ന് പാർട്ടി കഴിഞ്ഞ് മടങ്ങിയ അഞ്ചംഗസംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. യുവാക്കളുടെ കാറിനുള്ളിലേക്ക് ഓട്ടോമാറ്റിക് തോക്കുകൾ ഉപയോഗിച്ച് അക്രമികൾ നിറയൊഴിക്കുകയായിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന രണ്ട് പേർ യാതൊരു പരിക്കുമില്ലാതെ രക്ഷപ്പെട്ടു.
വെടിവയ്പ്പിന് ശേഷം അക്രമിസംഘം സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. കാറിലുണ്ടായിരുന്ന ഒരു യുവാവും പോലീസ് എത്തുന്നതിന് മുമ്പായി രക്ഷപ്പെട്ടു. അക്രമിസംഘം എത്തിയ കാർ തീവച്ച് നശിപ്പിച്ച നിലയിൽ പിന്നീട് കണ്ടെത്തി.
ലഹരിക്കടത്ത് സംഘങ്ങൾ തമ്മിലുള്ള സംഘർഷമാണ് ആക്രമണകാരണമെന്നും ഈ വർഷം നടന്ന ആക്രമണങ്ങളിൽ 21 ലഹരിക്കടത്തുകാർ നഗരത്തിൽ കൊല്ലപ്പെട്ടതായും അധികൃതർ അറിയിച്ചു.