ഡോ. വന്ദന ദാസിന്റെ കൊലയാളിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
Tuesday, May 23, 2023 6:53 PM IST
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സന്ദീപിനെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഏഴ് ദിവസമെങ്കിലും സന്ദീപിനെ ആശുപത്രിയിൽ കിടത്തിചികിത്സിക്കേണ്ടി വരുമെന്നാണ് അധികൃതർ അറിയിച്ചത്. ജയിലിൽ പാർപ്പിച്ചിരുന്ന സന്ദീപിനെ ഇന്ന് വൈകിട്ടോടെയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
പ്രതിക്ക് ആശുപത്രിയിൽ സുരക്ഷ നൽകണമെന്ന് പോലീസിന് കോടതി നിർദേശം നൽകിയിരുന്നു. സന്ദീപിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന ദിവസമായ ഇന്ന് ഇയാളുടെ മാനസികനില വിശദമായ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു.
മെഡിക്കൽ കോളേജ് ആർഎംഒ ഡോ. മോഹൻ റോയിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദീപിനെ പരിശോധിച്ച ശേഷം ഏഴ് ദിവസം കിടത്തി ചികിത്സ നിർദേശിച്ചു. ഈ രീതിയിൽ പരിശോധിച്ചാൽ മാത്രമേ ഇയാളുടെ ആരോഗ്യനില മനസിലാകൂവെന്നാണ് ഡോക്ടർമാർ അറിയിച്ചത്.