തോപ്പുംപടി വാഹനാപകടം: സിഐയ്ക്ക് സ്ഥലംമാറ്റം
Tuesday, May 23, 2023 8:37 PM IST
കൊച്ചി: കടവന്ത്രയിൽ സ്കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയ സർക്കിൾ ഇൻസ്പെക്ടർക്ക് സ്ഥലംമാറ്റം. കടവന്ത്ര സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന മനുരാജിനെതിരെയാണ് നടപടി. ഇയാളെ കാസർഗോഡ് ചന്തേരയിലേക്ക് സ്ഥലംമാറ്റി.
മേയ് 18-ന് രാത്രിയിലാണ് വാഹനാപകടം നടന്നത്. തോപ്പുംപടി ഹാർബർ പാലത്തിന് സമീപത്ത് വച്ച് മനുരാജും സുഹൃത്തായ വനിതാ ഡോക്ടറും സഞ്ചരിച്ചിരുന്ന കാർ മട്ടാഞ്ചേരി സ്വദേശിയായ വിമലിന്റെ വാഹനത്തിൽ ഇടിച്ചിരുന്നു. അപകടത്തിന് ശേഷം സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ സിഐയെ ചില യുവാക്കൾ ചേർന്ന് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ, അപകടം സൃഷ്ടിച്ചത് എസ്എച്ച്ഒ ഓടിച്ച വാഹനമാണെന്നറിഞ്ഞതോടെ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചിരുന്നു. പ്രതിയുടെ പേര് ലഭ്യമല്ലെന്നും കൈയിൽ പരിക്കേറ്റ യുവാവിന്റെ എല്ല് പൊട്ടാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്യാനാവില്ലെന്നുമാണ് പോലീസ് അറിയിച്ചിരുന്നത്.
സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ഇന്ന് രാവിലെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അപകടം സൃഷ്ടിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.