ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മോദി
Wednesday, May 24, 2023 11:33 AM IST
സിഡ്നി: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസുമായി സിഡ്നിയിൽ ഉഭയകക്ഷി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്ട്രേലിയ സന്ദർശിച്ചതിൽ മോദിക്ക് നന്ദിയെന്ന് കൂടിക്കാഴ്ചയ്ക്കിടെ ആൽബനീസ് പറഞ്ഞു. മികച്ച സ്വീകരണത്തിൽ നന്ദി പറയുന്നതായി മോദി പറഞ്ഞു.
ഒരു വർഷത്തിനിടെ ആറാമത്തെ കൂടിക്കാഴ്ചയാണിത്. ഇത് ബന്ധങ്ങളിലെ ആഴത്തെ പ്രതിഫലിപ്പിക്കുന്നു. തങ്ങളുടെ ബന്ധം ട്വന്റി-20 വേഗത്തിലേക്ക് കടന്നതായും മോദി കൂട്ടിച്ചേർത്തു. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
നേരത്തെ, ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു മോദി സംസാരിച്ചിരുന്നു. ഇന്ത്യ- ഓസ്ട്രേലിയ ബന്ധത്തിനു ശക്തമായ അടിത്തറ പാകിയതു പരസ്പരബഹുമാനവും വിശ്വാസവുമാണെന്നും ഇതിന്റെ യഥാർഥ കാരണം ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹമാണെന്നും പ്രസംഗത്തിൽ മോദി പറഞ്ഞു.
ഇന്ത്യ-ഓസ്ട്രേലിയ വ്യാപാരം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര സാമ്പത്തിക സഹകരണ കരാറിനു (സിഇസിഎ) രൂപം നൽകുമെന്നും മോദി പറഞ്ഞു. 21,000 ഇന്ത്യക്കാരാണു സിഡ്നിയിലെ ക്യൂഡോസ് ബാങ്ക് അരീനയിൽ മോദിയെ സ്വീകരിക്കാനെത്തിയത്. ഓസ്ട്രേലിയ പ്രധാനമന്ത്രിയും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.