16 വയസുകാരന് ക്രൂരമർദനം; അമ്മയും സുഹൃത്തും അറസ്റ്റിൽ
Wednesday, May 24, 2023 4:49 PM IST
കൊച്ചി: കളമശേരിയിൽ 16 വയസുള്ള കുട്ടിയെ അമ്മയും ആൺസുഹൃത്തും ചേർന്ന് ക്രൂരമായി മർദിച്ചു. കുട്ടിയുടെ കൈയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്. കുട്ടിയെ മർദിച്ച അമ്മയും സുഹൃത്തുമടക്കം മൂന്ന് പേർ അറസ്റ്റിലായി.
കളമശേരി സ്വദേശിയായ രാജേശ്വരി(31) ആണ് ആൺസുഹൃത്തായ സനീഷിനൊപ്പം(32) ചേർന്ന് കൗമാരക്കാരനായ മകനെ മർദിച്ചത്. സനീഷ് പതിവായി ഇവരുടെ വീട്ടിൽ വരുന്നത് കുട്ടി ചോദ്യംചെയ്തതാണ് ഇരുവരെയും പ്രകോപിപ്പിച്ചത്. മർദനത്തിൽ രാജേശ്വരിയുടെ അമ്മ വലർമതിയും(49) പങ്കുചേർന്നിരുന്നു.
കമ്പിവടി കൊണ്ട് കുട്ടിയുടെ കൈ തല്ലിയൊടിച്ച മൂവരും ചേർന്ന് കത്രിക കൊണ്ട് കുട്ടിയുടെ ശരീരത്തിൽ മുറിവുകൾ ഏൽപ്പിച്ചിരുന്നു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വലർമതിയുടെ ഭർത്താവാണ് ആശുപത്രിയിലെത്തിച്ചത്.
ആശുപത്രി അധികൃതർ നൽകിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്നാണ് കുട്ടിയെ മർദിച്ച മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്.