18 അഫ്ഗാൻ കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ കാബൂളിലെത്തിച്ചു
Thursday, May 25, 2023 7:37 AM IST
കാബൂൾ: ബൾഗേറിയയിലേക്ക് കടത്തുന്നതിനിടെ മരിച്ച 18 അഫ്ഗാൻ കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ ബുധനാഴ്ച അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലേക്ക് എത്തിച്ചതായി താലിബാൻ സർക്കാറിന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
ഫെബ്രുവരിയിൽ ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിൽ നിന്ന് ഏറെ അകലെയുള്ള ഒരു ഹൈവേയിൽ ഉപേക്ഷിച്ച ട്രക്കിന്റെ പിന്നിൽ ഒരു ലോഡ് തടികൾക്ക് താഴെയുള്ള രഹസ്യ അറയിൽനിന്നാണ് ബൾഗേറിയൻ അധികൃതർ മൃതദേഹങ്ങൾ കണ്ടെത്തിയത്. 18 പേരും ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് അധികൃതർ പറഞ്ഞു.
അനധികൃത കുടിയേറ്റക്കാരെ രാജ്യത്തേക്ക് കടത്തുന്നതിനിടെ സംഭവിച്ച ഏറ്റവും വലിയ ദുരന്തമാണിത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ ബൾഗേറിയൻ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.